കല്‍പ്പറ്റ: വോട്ട് ചോരിയുമായി ബന്ധപ്പെട്ട് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയ പ്രതികരണത്തില്‍ പരിഹാസവുമായി കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ്. ‘നിങ്ങള്‍ ഉറങ്ങിയതുകൊണ്ടല്ലേ ഞാന്‍ കട്ടതെന്ന് കള്ളന്‍ വീട്ടുകാരോട് പറയുന്നത് പോലെ’ ആണ് കെ. സുരേന്ദ്രന്റെ പ്രതികരണമെന്ന് ടി. സിദ്ദിഖ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കോണ്‍ഗ്രസ് എം.എല്‍.എയുടെ പ്രതികരണം.
‘അതായത് നിങ്ങള്‍ ഉറങ്ങിയത് കൊണ്ടല്ലേ ഞാന്‍ കട്ടത് എന്ന് വീട്ടുടമസ്ഥനോട് കള്ളന്‍ പറയുന്ന ന്യായം കൊള്ളാം… കള്ളവോട്ട് ചെയ്തു എന്ന് സമ്മതിച്ചതിന് നന്ദി…,’ ടി. സിദ്ദിഖ് പറഞ്ഞു.
കള്ളവോട്ട് ചേര്‍ക്കുമ്പോള്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും എവിടെ ആയിരുന്നുവെന്നായിരുന്നു കെ. സുരേന്ദ്രന്റെ പ്രതികരണം. ഇതിനെ പരിഹസിച്ചുകൊണ്ടാണ് ടി. സിദ്ദിഖ് രംഗത്തെത്തിയത്.
തിരുവനന്തപുരത്ത് സ്ഥിരതാമസമുള്ള സുരേഷ് ഗോപിയുടേയും കുടുംബാംഗങ്ങളുടെയും സുരേഷ് ഗോപിയുടെ ഡ്രൈവറുടേയും ഉള്‍പ്പെടെ വോട്ട് തൃശൂരില്‍ ചേര്‍ത്തതിനെ ന്യായീകരിച്ചാണ് കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
വിരലില്‍ എണ്ണാവുന്ന ഏതെങ്കിലും ചില വോട്ടുകള്‍ വെച്ചാണ് കോണ്‍ഗ്രസും സി.പി.ഐ.എമ്മും ബി.ജെ.പിക്കെതിരെ തിരിഞ്ഞതെന്നും സുരേഷ് ഗോപി ഒരു വര്‍ഷം മുഴുവനായും തൃശൂരിലുണ്ടായിരുന്നുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
ഒരു എം.എല്‍.എ പോലുമില്ലാത്ത പാര്‍ട്ടി ഇവിടെ 60,000 കള്ളവോട്ട് ചേര്‍ക്കുമ്പോള്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും എന്തെടുക്കുവായിരുന്നുവെന്നും ഇതിലും നല്ലത് കെട്ടിത്തൂങ്ങി ചാവുന്നതാണെന്നും കെ. സുരേന്ദ്രന്‍ പരിഹസിച്ചിരുന്നു. ഇതിനുപിന്നലെ ടി. സിദ്ദിഖ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കെ. സുരേന്ദ്രനെതിരെ രംഗത്തെത്തുകയായിരുന്നു.
മുന്‍ ആര്‍.എസ്.എസ് നേതാവും പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരും കെ. സുരേന്ദ്രനെതിരെ പരിഹാസം ഉയര്‍ത്തിയിരുന്നു. മഞ്ചേശ്വരത്ത് കള്ളവോട്ടുണ്ടെന്ന് ആരോപിച്ച സുരേന്ദ്രന്‍ തൂങ്ങി ചത്തോ എന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു.
‘മഞ്ചേശ്വരത്ത് കള്ളവോട്ട് ഉണ്ടെന്ന് ആരോപിച്ച സുരേന്ദ്രന്‍ തൂങ്ങി ചത്തോ? ഇല്ല… പിന്നെന്ത് ചെയ്തു? കേസ് പിന്‍വലിച്ച് കണ്ടം വഴി ഓടി…,’ സന്ദീപ് വാര്യര്‍ കുറിച്ചു.
അതേസമയം കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എം.പിയുമായ സുരേഷ് ഗോപി ഇതുവരെ വോട്ട് ക്രമക്കേടില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്ന വാക്കുപയോഗിച്ച് മാധ്യമങ്ങളെ പരിഹസിക്കുക മാത്രമാണ് സുരേഷ് ഗോപി നിലവില്‍ ചെയ്തിരിക്കുന്നത്.
Content Highlight: T. Siddique mocked K. Surendran in VOTE CHORI