| Friday, 7th November 2025, 10:47 pm

രാജ്യദ്രോഹിയും അർബൻ നക്സലുകളുടെ തോഴനുമാണ് രാഹുൽ ഗാന്ധി: കെ.സുരേന്ദ്രൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോൺഗ്രസ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപവുമായി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

വോട്ട് ചോരി എന്നു പറഞ്ഞ് ഇന്ത്യയെ തകർക്കാനും രാജ്യത്തിന്റെ പ്രതിഛായ നഷ്ടപ്പെടുത്താനുമാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

ലോകം മുഴുവൻ ഇന്ത്യക്കെതിരായ പ്രചാരവേല നടത്തുന്ന ഡീപ് സ്റ്റേറ്റ് കമ്പനിയുടെ വക്താവാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി രാജ്യദ്രോഹിയും ‘ടുക്കുഡെ ടുക്കുഡെ’ ഗ്യാങ്ങിന്റെ തലവനും അർബൻ നക്സലുകളുടെ തോഴനുമാണെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

‘ഈ രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന രാജ്യദ്രോഹ ശക്തികളുടെ പിടിയാളാണ് രാഹുൽ ഗാന്ധി. വിദേശരാജ്യങ്ങളിലെല്ലാം ചെന്ന് ഏറ്റവും സുതാര്യമായ ഇന്ത്യയുടെ തെരഞ്ഞെടുപ്പിനെ കളങ്കപ്പെടുത്തുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്.

ഇന്ത്യൻ ജനാധിപത്യത്തെ കളങ്കപ്പെടുത്തുകയും ഒരു പാർലമെന്റിനെ സ്തംഭിപ്പിക്കുകയുമാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്,’ കെ.സുരേന്ദ്രൻ പറഞ്ഞു.

രാഹുൽ ഗാന്ധി ഇന്ത്യയുടെ വളർച്ചയെയും പുരോഗതിയെയും തടസപ്പെടുത്തുകയാണെന്നും അതാണ് വോട്ട് ചൊരിയിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയാണ് തങ്ങളുടെ സൈനിക താവളങ്ങൾ തകർത്തതെന്ന് പാകിസ്ഥാൻ പോലും സമ്മതിച്ച ഓപ്പറേഷൻ സിന്ദൂറിന് പോലും തെളിവുകൾ ചോദിച്ച ആളാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: K. Surendran insults Rahul Gandhi

We use cookies to give you the best possible experience. Learn more