കോഴിക്കോട്: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് നോവല്‍ പിന്‍വലിക്കേണ്ടി വന്ന എസ്. ഹരീഷും കവി പ്രഭാവര്‍മ്മയും പ്രശസ്തിക്ക് വേണ്ടി മൂന്നാംകിട നാടകം നടത്തുകയാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആരും തിരിഞ്ഞുനോക്കാതെ മൂലക്കിരിക്കുന്ന ലോ പ്രൊഫൈല്‍ സാഹിത്യകാരന്‍മാര്‍ തങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ഭീഷണി എന്നും പറഞ്ഞ് ഇറങ്ങിയിരിക്കുകയാണെന്നും പ്രശസ്തി കിട്ടാനായി ചുളുവിലൊരു പെരുമാള്‍ മുരുകന്‍ പട്ടം ഒപ്പിച്ചെടുക്കാനാണ് ശ്രമമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അടുത്ത കുറച്ചു ദിവസം ഇതു തുടരാനാണ് സാധ്യതയെന്നും സാംസ്‌ക്കാരിക നായകരെപ്പേടിച്ച് രണ്ടാഴ്ച കേരളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമോയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ആരും തിരിഞ്ഞുനോക്കാതെ മൂലക്കിരിക്കുന്ന പല ലോ പ്രൊഫൈല്‍ സാഹിത്യകാരന്‍മാരും തങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ഭീഷണി എന്നും പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്. അടുത്ത കുറച്ചുദിവസം ഇതു തുടരാനാണ് സാധ്യത. അക്കൂട്ടത്തില്‍ ആദ്യത്തേതാണ് പ്രഭാവര്‍മ്മയുടെ വികാരപ്രകടനം. തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നാണ് പുള്ളിയുടെ വീരവാദം. ആരു വിരട്ടിയെന്നാണ് ഇദ്ദേഹം പറയുന്നത്? സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥാനകവിയായ അദ്ദേഹത്തെ ആരെങ്കിലും വിരട്ടിയിട്ടുണ്ടെങ്കില്‍ പോലീസിനെക്കൊണ്ടൊരു കേസ്സെടുപ്പിച്ചുകൂടെ? സംഘപരിവാര്‍ ഭീകരനെ തൂക്കി എടുത്ത് അകത്തിട്ടുകൂടെ? ചുളുവില്‍ ഒരു പെരുമാള്‍ മുരുകന്‍ പട്ടം ഒപ്പിച്ചെടുക്കാനാണ് പലരുടെയും ശ്രമം. അതുവഴി രാജ്യം മുഴുവന്‍ അറിയപ്പെടാം.
എഴുത്തു നിര്‍ത്തിക്കളയരുതേ എന്നു മാത്രമേ അപേക്ഷയുള്ളൂ. സാംസ്‌കാരിക ലോകത്തിനത് നികത്താനാവാത്ത വിടവായിരിക്കും. ഇനിയിപ്പോള്‍ എന്തെല്ലാം മലയാളി കാണേണ്ടിവരുമോ ആവോ? അരസികസിനിമാതാരം കുപ്പായം അഴിക്കുന്നു. ലിംഗിണികളുടെ വക വരയോടു വര. സാംസ്‌കാരിക നായകരെപ്പേടിച്ച് രണ്ടാഴ്ച കേരളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമോ ഭഗവാനേ! വെള്ളപ്പൊക്കം വന്ന് സ്വന്തം പ്രജകള്‍ നെട്ടോട്ടമോടുമ്പോള്‍ മഹാകവി സുധാകരനടക്കം അങ്ങോട്ട് തിരിഞ്ഞുനോക്കാന്‍ നേരം കിട്ടിയില്ലെങ്കിലും മീശ പോയതിലുള്ള സങ്കടം കൊണ്ടിരിക്കാനേ വയ്യപോലും. ഒന്നു നിര്‍ത്തിക്കൂടേ നിങ്ങളുടെ ഈ മൂന്നാംകിട നാടകങ്ങള്‍.