| Tuesday, 25th November 2025, 10:37 pm

രാഹുലിനെ അവിശ്വസിക്കുന്നില്ല; കഴിവുള്ളവനാണ്, സജീവമായി രംഗത്തുവരണം: പിന്തുണച്ച് കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അവിശ്വസിക്കുന്നില്ലെന്നും രാഹുല്‍ സജീവമായി രംഗത്തുവരണമെന്നും സുധാകരന്‍ പ്രതികരിച്ചു.

രാഹുലിനെതിരെ പുറത്തുവന്ന ശബ്ദ സന്ദേശങ്ങള്‍ താന്‍ കേട്ടിട്ടില്ല. ഇതിനുപിന്നില്‍ രാഹുലിനെ അപമാനിക്കാന്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും നടത്തുന്ന ശ്രമമാണെന്നും സുധാകരന്‍ പറഞ്ഞു.

നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഒരു സ്ഥാനവുമില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കെ. സുധാകരന്‍ രാഹുലിന് പിന്തുണയുമായി രംഗത്തെത്തിയത്.

രാഹുലിനൊപ്പം താന്‍ വേദി പങ്കിടുമെന്നും സുധാകരന്‍ പറഞ്ഞു. നിലവിലെ വിഷയങ്ങള്‍ താന്‍ അന്വേഷിച്ചു. രണ്ട് ചീത്ത വിളിക്കാനാണ് അന്വേഷണം നടത്തിയത്. എന്നാല്‍ മറുപടിയെല്ലാം കേട്ടപ്പോള്‍ തനിക്ക് തെറ്റ് പറ്റിയെന്ന് തോന്നി. രാഹുലിനെ കുറിച്ച് തങ്ങള്‍ക്ക് തര്‍ക്കങ്ങള്‍ ഒന്നുമില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ലൈംഗികമായി ചൂഷണം ചെയ്ത യുവതി കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഗര്‍ഭധാരണത്തിന് ശേഷം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ കോളാണ് പുറത്തുവന്നത്.

കൂടാതെ, നമുക്ക് കുഞ്ഞ് വേണമെന്ന് രാഹുല്‍ യുവതിയോട് ആവശ്യപ്പെട്ടതിന്റെ വാട്‌സ്ആപ്പ് ചാറ്റും പുറത്തുവന്നു. ഇതിനുമുമ്പും രാഹുലിനെതിരെ സമാനമായ ശബ്ദ സന്ദേശങ്ങളും ചാറ്റുകളും പുറത്തുവന്നിരുന്നു.

രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന വാട്‌സാപ്പ്, ടെലഗ്രാം ചാറ്റുകളും ഫോണ്‍ സംഭാഷണവുമാണ് പുറത്തുവന്നത്. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുലിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു.

എന്നാല്‍ സസ്പെന്‍ഷന്‍ നേരിട്ടിട്ടും, തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രചരണങ്ങളില്‍  രാഹുല്‍ സജീവമായി ഇടപെടുന്നുണ്ട്.

നിലവില്‍ ആരോപണം ഉന്നയിച്ച യുവതി രേഖാമൂലം പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാരും പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: K. Sudhakaran supports Rahul Mamkootathil

We use cookies to give you the best possible experience. Learn more