കണ്ണൂര്‍: തുടര്‍ച്ചയായി മൂന്നാം തവണയും എല്‍.ഡി.എഫ് ഭരണത്തിലേറാന്‍ സാധ്യതയുണ്ടെന്ന് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍.
എല്‍.ഡി.എഫിന്റെ തുടര്‍ ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കെ. സുധാകരന്‍ പറഞ്ഞു.
‘പിണറായി 3.0 ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല. പിണറായി 3.0 ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയണമെങ്കില്‍ നമ്മുടെ കൈയ്യില്‍ എന്തെങ്കിലും ഉറപ്പ് വേണം. ആ ഉറപ്പ് എന്റെ കയ്യിലില്ല’, അദ്ദേഹം പ്രതികരിച്ചു. യു.ഡി.എഫിന് ആ ഉറപ്പുണ്ടല്ലോ എന്ന ചോദ്യത്തിന് യു.ഡി.എഫിന് ഉറപ്പുണ്ടാവാം, എന്നാല്‍ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ 100 സീറ്റുകള്‍ യു.ഡി.എഫിന് ലഭിക്കുമെന്ന് പറഞ്ഞതിനെ കുറിച്ചും കെ. സുധാകരന്‍ പ്രതികരിച്ചു.
വി.ഡി. സതീശന്‍ മാസങ്ങളായി പറയുന്നതാണ് 100 സീറ്റിന്റെ കാര്യം. അത് ഞങ്ങളും പറഞ്ഞിരുന്നു. അതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
അര്‍ഹതയുണ്ടായിട്ടും തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടെന്നും സുധാകരന്‍ ആവര്‍ത്തിച്ചു. അര്‍ഹതയ്ക്ക് അനുസരിച്ച് സീറ്റ് ലഭിച്ചില്ല.
സീറ്റിന് വേണ്ടി രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെയുള്‍പ്പടെയുള്ള നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി നോക്കി. എം.പിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി നിലപാടെന്ന് പറഞ്ഞപ്പോള്‍ താന്‍ പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതെല്ലാം നടന്നില്ല. അതില്‍ പ്രയാസമില്ല.
പിണറായിക്കെതിരെ ധര്‍മ്മടത്തായാലും മത്സരിക്കാന്‍ തയ്യാറായിരുന്നു. സുഹൃത്തുക്കള്‍ സമ്മതിച്ചിരുന്നെങ്കില്‍ മത്സരിച്ചേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ ആഗ്രഹത്തിനൊപ്പം പാര്‍ട്ടി നിന്നില്ല. പാര്‍ട്ടിയെ ഒരിക്കലും സമ്മര്‍ദത്തിലാക്കിയിട്ടില്ല. സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല. ദല്‍ഹിയിലേക്ക് പോയത് സാധാരണ യാത്ര മാത്രമായിരുന്നു. നേതാക്കളെ കാണാന്‍ പറ്റിയാല്‍ കാണാമെന്ന് കരുതിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
Content Highlight: K. Sudhakaran predicts that the Left Govt will come again