കണ്ണൂര്‍: സി.പി.ഐ.എം ഓഫീസില്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തകരെ ആക്രമിച്ചു എന്ന പരാതിയില്‍ ദളിത് യുവതികളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കടുത്ത മനുഷ്യാവാകാശ ലംഘനമാണ് പെണ്‍കുട്ടികള്‍ക്കെതിരെ നടന്നതെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു.
പോലീസ് മാത്രമല്ല കൂത്തുപറമ്പുകാരനായ മജിസ്‌ട്രേറ്റും ദളിത് യുവതികള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്നു സുധാകരന്‍ ആരോപിച്ചു. “പെണ്‍കുട്ടികള്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ കൂത്തുപറമ്പുകാരനായ ജഡ്ജി അതു സ്വീകരിക്കാന്‍ പോലും തയ്യാറായില്ല. ജുഡീഷ്യറിയിലെ തന്നെ ആദ്യത്തെ സംഭവമാണിത്.” സുധാകരന്‍ അഭിപ്രായപ്പെട്ടു.
പെണ്‍കുട്ടികളെ പറഞ്ഞുപറ്റിച്ചാണ് പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയത്. പരാതിയുണ്ടെന്നും ജാമ്യമെടുക്കാന്‍ സ്റ്റേഷനിലെത്തണമെന്നും പറഞ്ഞ് പെണ്‍കുട്ടികളെ വിളിച്ചുവരുത്തുകയായിരുന്നു. മൂന്നു മണിവരെ സ്റ്റേഷനില്‍ നിര്‍ത്തിയശേഷമാണ് മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത് സി.പി.ഐ.എമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. രണ്ടു പെണ്‍കുട്ടികള്‍ ചേര്‍ന്ന് ക്രിമിനല്‍ കേസിലടക്കം പ്രതിയായ സി.പി.ഐ.എം പ്രവര്‍ത്തകരെ ആക്രമിച്ചു എന്നു പറയുന്നത് ഏതു പോലീസിനാണു വിശ്വസിക്കാന്‍ കഴിയുകയെന്നും സുധാകരന്‍ ചോദിച്ചു.
കടുത്ത മനുഷ്യാവകാശ ലംഘനമാണ് പെണ്‍കുട്ടികള്‍ക്കു നേരിടേണ്ടി വന്നത്. ഇതിനെതിരെ പലര്‍ക്കും പരാതി നല്‍കി. ഉന്നത പോലീസ് വൃത്തങ്ങളെയും സമീപിച്ചു. എന്നാല്‍ ആരും ഇടപെട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ സംഭവമാണിതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.