മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം കെ.ശ്രീകാന്ത്. സഞ്ജു സമ്മര്‍ദത്തിലാണെന്നും ഇത് താരത്തിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇഷാന്‍ കിഷന്‍ മികച്ച ബാറ്റിങ് പുറത്തെടുത്തതിനാല്‍ തിലക് വര്‍മ മടങ്ങി വരുമ്പോള്‍ സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ചോദ്യം ഉയരുകയാണ്. പല താരങ്ങളും പുറത്തിരിക്കുമ്പോള്‍ സഞ്ജു തനിക്ക് ലഭിച്ച അവസരം മുതലെടുക്കണമെന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു.
കെ.ശ്രീകാന്ത്. Photo: K. Srikanth/facebook.com
‘തിലക് വര്‍മ തിരിച്ചെത്തുമ്പോള്‍ സഞ്ജു സാംസണ്‍ പുറത്ത് പോകുമോ എന്ന ചോദ്യം ഉയരുകയാണ്. സഞ്ജു സമ്മര്‍ദത്തിലാണ്, അവന്‍ ക്രീസില്‍ വളരെ പരിഭ്രാന്തനാണ്. എന്തിനാണ് ഇത്ര ധൃതി കാണിക്കുന്നത്? അവനെ ഡ്രോപ്പ് ചെയ്തപ്പോള്‍ സിംഗിള്‍ എടുത്ത് അഭിഷേകിന് സ്‌ട്രൈക്ക് കൈമാറണമായിരുന്നു.
സിക്‌സര്‍ അടിച്ചതിന് ശേഷം സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് താളം കണ്ടെത്താനാണ് ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍, അവന്‍ വലിയ ഷോട്ടിന് മുതിര്‍ന്നത് വലിയ അബദ്ധമാണ്. വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ ഇപ്പോള്‍ സ്‌കോര്‍ ചെയ്യുന്നുണ്ട്. അത് സഞ്ജുവിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും.
ഇപ്പോള്‍ ശുഭ്മന്‍ ഗില്ലും ശ്രേയസ് അയ്യരും പുറത്തിട്ടുണ്ട്. അതിനാല്‍ മത്സരം കഠിനമാണ്. അതിനാല്‍ ലഭിക്കുന്ന അവസരങ്ങള്‍ കൃതമായി ഉപയോഗിക്കാത്തത് തിരിച്ചടിയാവും. സൂര്യകുമാര്‍ യാദവിനെപ്പോലെ സമയം എടുത്ത് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സഞ്ജു ശ്രമിക്കണം,’ ശ്രീകാന്ത് പറഞ്ഞു.
സഞ്ജു സാംസൺ. Photo: Johns/x.com
സഞ്ജുവിന്റെ കരിയറിലെ ഏറ്റവും വലിയ പോരായ്മ സ്ഥിരതയില്ലായ്മയാണെന്നും ശ്രീകാന്ത് പറഞ്ഞു. അവനൊരു മത്സരത്തില്‍ നന്നായി കളിച്ചാല്‍ അടുത്ത കുറെ മത്സരങ്ങളില്‍ പരാജയപ്പെടുന്നത് കാണാം. അത് ഗുണകരമല്ല, സ്ഥിരത പ്രധാനമാണ്.
സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനുകള്‍ ഇടക്കിടെ മാറിയിട്ടുണ്ടെന്ന് അറിയാം. മത്സരം കടുത്തതായതിനാല്‍ ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസിലാന്‍ഡിന് എതിരെയുള്ള ടി – 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും സഞ്ജു ചെറിയ സ്‌കോറിന് പുറത്തായിരുന്നു. അതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
Content Highlight: K. Srikanth raise concern over the performance and batting position of Sanju Samson