| Thursday, 31st July 2025, 4:14 pm

വിശന്ന് തലകറങ്ങി വീണപ്പോ ആ പ്ലസ് ടുക്കാരന് തുണയായത് ലുഡ്‌വിനാമേരി എന്ന കന്യാസ്ത്രീയാണ്: കെ.എസ്. രതീഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഛത്തീസ്ഗഢിലെ കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എഴുത്തുകാരന്‍ കെ.എസ്. രതീഷ്. ഒന്നും ഇല്ലാതിരുന്ന ബാല്യകാലത്ത് വസ്ത്രവും വിദ്യാഭ്യാസവും നല്‍കി ഇന്ന്‌ കാണുന്ന ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് കന്യാസത്രീകളാണെന്ന് കെ.എസ് രതീഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്നെപ്പോലെയുള്ള മനുഷ്യരെ ജീവിതത്തിലേക്ക് കടത്തിവിടാന്‍ പോയ കന്യാസ്ത്രീകളെ ജയിലില്‍ കിടത്തിയെന്ന് കേട്ടത് മുതല്‍ നെഞ്ചിനുള്ളില്‍ പാറക്കല്ല് ഉരുട്ടി വച്ചത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഏത് കോടതി എതിര് നിന്നാലും താനെങ്കിലും തടവറയില്‍ കിടക്കുന്ന അമ്മമാര്‍ക്കായി ഒരു സാക്ഷ്യം പറയണമെന്ന്‌ പറഞ്ഞാണ്‌ അദ്ദേഹം തന്റെ ബാല്യകാല ഓര്‍മകള്‍ പങ്കുവെച്ചത്‌.

നെയ്യാറിന്റെ കരയിലെ പുല്ലുമേഞ്ഞ ഒറ്റമുറി വാറ്റുപുര. ഇത്തിരിക്കൂടെ വെള്ളം പൊങ്ങിയാല്‍ മണ്ണിട്ട് കെട്ടിയ ചുവര് ഇടിഞ്ഞ് ഒരു തള്ളയും മൂന്ന് മക്കളും ചാവും. പുറത്ത് പെരു മഴയും കാറ്റും. ആകെയുള്ള ഒരു സാരിയില്‍ മൂന്നിനേയും പുതപ്പിച്ചു കിടത്തി കര്‍ത്താവിനെ വിളിച്ചു കരയുന്ന ക്രിസ്തുമത വിശ്വാസിയായ എന്റെ അമ്മ. വാറ്റും കള്ളത്തടി വെട്ടും അമ്പാസിഡര്‍ കാറും തലയിണയില്‍പ്പോലും ഒളിപ്പിച്ച പണവുമുള്ള ഹിന്ദുവായ, വേറെ പെണ്ണുംകെട്ടിയ എന്റെ അപ്പന്‍.

അതിലെ നടുക്കത്തെ കരിമന്‍ ചെറുക്കന് ഹിന്ദുക്കളുടെ മാനവ സേവ മാധവ സേവ ലക്ഷ്യമാക്കിയ മിഷണറിമാര്‍ മൂന്ന് നേരം തീറ്റിയും കിടക്കാന്‍ ഇരുമ്പ് കട്ടിലും പഠിക്കാന്‍ റിങ്കില്‍ റൗബെ എന്ന മിഷണറി സ്ഥാപിച്ച സ്‌കൂളിലെ സൗജന്യ വിദ്യാഭ്യാസവും കൊടുത്തു. വായിക്കാന്‍ ബൈബിളും. അവന്‍ പ്ലസ്ടു പഠിക്കുമ്പോ വിശന്ന് തലകറങ്ങി വീണപ്പോ തുണയായത് ഒരു  ലുഡ്‌വിനാമേരി എന്ന കന്യാസ്ത്രീയാണ്. അവരാണ് നല്ലൊരു ചെരുപ്പും ഉടുപ്പും ആദ്യമായി വാങ്ങിക്കൊടുത്തത്.

ആ കരിമനിന്ന് മതവും മതഭ്രാന്തുമില്ലാത്ത ഞാനായി. എനിക്ക് മതവും ജാതിയുമില്ലാത്ത രണ്ട് മക്കളുമായി. ജീവിക്കാനുള്ള വഴിയുമായി.

ഇതിപ്പോള്‍ ഇവിടെ പറയാന്‍ കാരണം എന്നെപ്പോലെയുള്ള മനുഷ്യരെ ജീവിതത്തിലേക്ക് കടത്തിവിടാന്‍ പോയ കന്യാസ്ത്രീകളെ ജയിലില്‍ കിടത്തിയെന്ന് കേട്ടത് മുതല്‍ നെഞ്ചിനുള്ളില്‍ പാറക്കല്ല് ഉരുട്ടി വച്ചത് പോലെയാണ്.

സത്യത്തില്‍ മിഷണറി പ്രവര്‍ത്തനം മനുഷ്യക്കടത്ത് തന്നെയാണ്.’ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും’ എന്ന ക്രിസ്തു വാക്യം തിരിച്ചറിയാത്ത കാസക്കാരനും,’മാനവ സേവ മാധവ സേവ’തിരിച്ചറിയാത്ത ഹിന്ദുത്വ തീവ്രവാദികള്‍ക്കും അതിന്റെ ഹിക്ക്മത്ത് പിടികിട്ടില്ല.

ഏത് കോടതി എതിര് നിന്നാലും താനെങ്കിലും തടവറയില്‍ കിടക്കുന്ന അമ്മമാര്‍ക്കായി ഇങ്ങനെ ഒരു സാക്ഷ്യം പറയണമെന്നും ഇന്ത്യയുടെ അഭിമാനമായ മദര്‍ തെരേസ ഇന്നുണ്ടായിരുന്നെങ്കില്‍ എന്താകുമെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Content Highlight: K.S. Ratheesh talks about Nuns

We use cookies to give you the best possible experience. Learn more