കോഴിക്കോട്:ബംഗളുരുവില്‍ വിദ്യാര്‍ത്ഥിയായ ബാലുശ്ശേരി സ്വദേശിനിയെ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസില്‍ സഹയാത്രികനും കണ്ടക്ടറും അപമാനിച്ചതായി പരാതി. സംഭവം പരാതിപ്പെട്ടപ്പോള്‍ അസഭ്യവര്‍ഷം നടത്തി പെണ്‍കുട്ടിയെ രാത്രിയില്‍ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു. ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോടിനും അടിവാരത്തിനുമിടയിലാണ് സംഭവം.
കോഴിക്കോട് നിന്ന് രാത്രി ഏഴിനുള്ള ബംഗളൂരു സൂപ്പര്‍ഫാസ്റ്റില്‍ റിസര്‍വ് ചെയ്ത യാത്രക്കാരിയായിരുന്നു വിദ്യാര്‍ത്ഥിനി. താമരശ്ശേരിയില്‍ നിന്നുള്ള മറ്റു രണ്ടുകൂട്ടുകാരികളും ബസ്സില്‍ യാത്ര ചെയ്യേണ്ടിയിരുന്നു. ഇവര്‍ക്കായി മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റാണ് ലഭിച്ചത്. കൂട്ടുകാരികള്‍ താമരശ്ശേരിയില്‍ നിന്ന് കയറുമെന്ന് പെണ്‍കുട്ടി കണ്ടക്ടറെ ബോധ്യ്‌പ്പെടുത്തകയും ചെയ്തു. താമരശ്ശേരിയെത്തിയപ്പോള്‍ ബസ്സ് നിര്‍ത്താന്‍ കണ്ടക്ടര്‍ കൂട്ടാക്കിയില്ല. നിര്‍ത്തണമെന്ന് ശാഠ്യം പിടിച്ചപ്പോള്‍ കണ്ടക്ടര്‍ അസഭ്യം പറയുകയും മറ്റൊരു യാത്രക്കാരനോട് പെണ്‍കുട്ടിയുടെ അടുത്തുള്ള സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഈ യാത്രക്കാരന്‍ അടുത്തിരുന്ന ശേഷം മൊബൈല്‍ഫോണില്‍ അശ്ലീലചിത്രങ്ങള്‍ കാണിക്കാന്‍ തുടങ്ങി. അടുത്തേക്കിരുന്ന് പെണ്‍കുട്ടിയെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ബസ് നിര്‍ത്താതെ പോയതുകണ്ട് മറ്റു രണ്ടുപെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ താമരശ്ശേരി ബസ് സ്റ്റേഷനില്‍ പരാതിപ്പെട്ടപ്പോള്‍ അടിവാരത്ത് നിര്‍ത്തുമെന്ന് മറുപടി ലഭിച്ചു. തുടര്‍ന്ന് ഈ കുട്ടികളും രക്ഷിതാക്കളും അടിവാരത്തേക്ക് പോയി. രാത്രി വിജനമായ സ്ഥലത്ത് ഇറക്കിവിട്ട നിലയില്‍ പെണ്‍കുട്ടിയെ അടിവാരത്തേക്കുപോകുകയായിരുന്ന മറ്റ് രണ്ടുകുട്ടികളുടെ രക്ഷിതാക്കളും കണ്ടെത്തുകയായിരുന്നു.
കണ്ടക്ടറുടെ അറിവോടെയാണ് സീറ്റിലിരുന്നയാള്‍ പെണ്‍കുട്ടിയെ അപമാനിച്ചതെന്നു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കണ്ടക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിയ്ക്കും വനിതാകമ്മീഷനും ഇന്ന് പരാതി നല്‍കും.