| Saturday, 17th October 2026, 7:43 am

കെ.എസ്. ഹംസ ഔട്ട്; മായിന്‍ ഹാജി ഇന്‍: സംസ്ഥാന വഖഫ് ബോര്‍ഡ് പുനസംഘടിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡ് പുനസംഘടിപ്പിച്ചു. മുസ് ലിം ലീഗ് നേതാവ് എം.സി മായിന്‍ ഹാജിയാണ് പുതിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍. അമുസ്‌ലിംഅംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിട്ടില്ല. വഖഫ് ബോര്‍ഡ് പുനസംഘടനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

എം.ബി മുസ്തഫല്‍ ഫൈസി, ഷിറാസ് ബി. കപ്പാസി, കുറുക്കോളി മൊയ്തീന്‍, അബ്ദുല്‍ മജീദ് സലാഹി, തുടങ്ങിയവര്‍ പുതിയ ബോര്‍ഡിലുണ്ട്. നിലവിലെ ബോര്‍ഡിനെ പൂര്‍ണമായി പിരിച്ച് വിട്ടുകൊണ്ടുള്ള സമ്പൂര്‍ണ പുനസംഘടനയാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

മുസ്‌ലിം ലീഗ് നേതാവായ മായിന്‍ ഹാജിയെ ചെയര്‍മാന്‍ ആക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. സമസ്തയുടെ ഭാഗമായി മുസ്തഫല്‍ ഫൈസിയെയാണ് നിയമിച്ചിരിക്കുന്നത്. അച്ചടക്ക ലംഘനത്തിന് സമസ്ത പുറത്താക്കിയ മുശാവറ അംഗമാണ് അദ്ദേഹം.

മുജാഹിദ് വിഭാഗത്തിന്റെ അംഗമായി അബ്ദുല്‍ മജീദ് സലാഹിയെയാണ് നിയമിച്ചിരിക്കുന്നത്. ഒമ്പത് അംഗങ്ങളുടെ നിയമനമാണ് നടന്നിരിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച കെ.എസ് ഹംസ ചെയര്‍മാനായ വഖഫ് ബോര്‍ഡുമായി തര്‍ക്കം നിലനിന്നിരുന്നു.

താന്‍ അധ്യക്ഷനായ ബോര്‍ഡ് പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ഹംസ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബോര്‍ഡിന്റെ സമ്പൂര്‍ണ പുനസംഘടന നിയമപരമായി നിലനില്‍ക്കില്ലെന്നും, ഇത് നിയമത്തിന് എതിരാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

Content Highlight: K.S. Hamsa out; Main Haji in: State Waqf Board reconstituted

We use cookies to give you the best possible experience. Learn more