| Friday, 4th September 2026, 12:27 pm

അതിന് ശേഷം അച്ഛന്‍ എന്റെ കൂടെ റെക്കോര്‍ഡിങ്ങിന് വന്നിട്ടില്ല: കെ. എസ് ചിത്ര

നന്ദന. ടി

നാലുപതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിലൂടെ ദക്ഷിണേന്ത്യയുടെ വാനമ്പാടിയായി മാറിയ ഗായികയാണ് കെ.എസ്. ചിത്ര. എണ്ണമറ്റ ഹിറ്റ് ഗാനങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച അവർ, ഇരുപത്തയ്യായിരത്തിലധികം ഗാനങ്ങൾക്ക് ശബ്ദമേകുകയും ആറ് ദേശീയ പുരസ്‌കാരങ്ങൾ അടക്കം നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ  പ്രിയ ഗായികയ്ക്ക് സംഗീതലോകത്ത് എന്നും പകരംവെക്കാനില്ലാത്ത സ്ഥാനമാണുള്ളത്.

റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അച്ഛനെക്കുറിച്ചുഉള്ള ഓർമകൾ പങ്കുവെക്കുകയാണ് കെ. എസ്. ചിത്ര. കാൻസർ ബാധിതനായ അച്ഛനുമായി ഒരിക്കൽ പാട്ടിന്റെ റെക്കോർഡിങ്ങിന് പോയപ്പോഴുണ്ടായ അനുഭവമാണ് പങ്കുവെച്ചത്. സ്റ്റുഡിയോയിൽ പാട്ടു പാടുന്നതിനിടെ രോഗബാധിതനായ അച്ഛൻ വേദന സഹിക്കാൻ പറ്റാതെ കരയുന്നത് തന്നെ ഏറെ വേദനിപ്പിച്ച ഒരു കാര്യമായിരുന്നു എന്ന് ചിത്ര ഓർത്തെടുക്കുന്നു.

കെ. എസ് ചിത്ര. Photo. Screen grab/ Youtube

‘അച്ഛന് ഓറൽ ക്യാൻസർ ആയിരുന്നു. അതിന്റെ വേദന ഉള്ളപ്പോൾ പോലും മദ്രാസിലൊക്കെ റെക്കോർഡിങ്ങിന് അച്ഛൻ കൂടെ വരുമായിരുന്നു. അങ്ങനെ അനുരാഗി എന്ന സിനിമയ്ക്ക് വേണ്ടി റെക്കോർഡ് ചെയ്യാൻ എന്റെ കൂടെ അച്ഛൻ വന്നിട്ടുണ്ടായിരുന്നു. ആ സമയത്ത് അച്ഛൻ പെയിൻ കില്ലർ കഴിച്ചിട്ടായിരുന്നു വന്നത്. അച്ഛൻ എന്റെ കൂടെ തന്നെ വോയ്സ് റൂമിലായിരിക്കും ഇരിക്കുക.

സാധാരണ ഞാൻ പാടിക്കൊണ്ടിരിക്കുമ്പോൾ അച്ഛനെ തിരിഞ്ഞുനോക്കാറുണ്ട്, കാരണം അച്ഛന്റെ ഒരു ആക്ഷനിൽ നിന്ന് തന്നെ എനിക്ക് മനസ്സിലാവും അച്ഛന് അത് ഇഷ്ടപ്പെടുന്നുണ്ടോ എന്ന്. അപ്പോഴാണ് ഞാൻ നോക്കിയത്, അച്ഛന്റെ കണ്ണിൽ നിന്ന് വെള്ളം വരുന്നത്. അപ്പോഴേക്കും മരുന്നിന്റെ ഇഫക്റ്റ് കഴിഞ്ഞ് വേദന തുടങ്ങിയിരുന്നു. അത് എന്റെ മനസിന് ഭയങ്കരമായിട്ട് കൊണ്ടു. കാരണം എനിക്ക് വേണ്ടിയാണല്ലോ അച്ഛൻ ഈ വേദന സഹിച്ചിരിക്കുന്നത്.

അന്നത്തെ ആ സംഭവത്തിനു ശേഷം തന്റെ വിഷമം കണ്ടതുകൊണ്ടുതന്നെ പിന്നീട് അച്ഛൻ റെക്കോർഡിങ്ങിന് കൂടെ വന്നിട്ടില്ല എന്ന് പറയുകയാണ് ചിത്ര.

‘അന്ന് ഞാൻ അച്ഛനോട് പറഞ്ഞു, ‘അച്ഛന്റെ വിഷമം കണ്ടുകൊണ്ട് എനിക്ക് പാടാൻ കഴിയില്ല. നമുക്ക് ഇത് വേണ്ട, വിധിച്ചിട്ടുള്ളത് വരട്ടെ. ഇത്രയുമൊക്കെ പാടിയല്ലോ, അത് മതി. നമുക്ക് തിരിച്ചു നാട്ടിലേക്ക് പോകാം എന്ന്’. അതിനുശേഷം അച്ഛൻ എന്റെ കൂടെ വന്നിട്ടില്ല. പിന്നെ അമ്മയോ ചേട്ടന്മാരോ ഒക്കെ ആയിരുന്നു കൂടെ വന്നിരുന്നത്,’ ചിത്ര പറഞ്ഞു.

സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററെ അടക്കം തന്റെ അച്ഛന് അറിയാമായിരുന്നെങ്കിലും മകൾക്ക് വേണ്ടി ഒരിക്കൽ പോലും അദ്ദേഹത്തോട് അവസരങ്ങൾ ചോദിച്ചിട്ടില്ല എന്നും ചിത്ര കൂട്ടിച്ചേർത്തു.

അച്ഛൻ കൃഷ്ണൻ നായരോടൊപ്പം കെ. എസ് ചിത്ര. Photo. Facebook

‘ഇന്ന് ഞാൻ ഒരു നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് അച്ഛന്റെ സാക്രിഫൈസ് ആണ്. ദേവരാജൻ മാഷൊക്കെയായിട്ട് അച്ഛന് നല്ല ബന്ധമുണ്ടായിരുന്നു. പക്ഷെ ഒരിക്കൽ പോലും അച്ഛൻ എനിക്ക് വേണ്ടി അവസരങ്ങൾ ചോദിച്ചുപോയിട്ടില്ല. കിട്ടിയ അവസരങ്ങൾ പരമാവധി ഉപയോഗിക്കുകയാണ് ചെയ്തിട്ടുള്ളത്,’ കെ. എസ്. ചിത്ര പറഞ്ഞു.

Content Highlight: K.S.Chithra talks shares her memories with father

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more