നാലുപതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിലൂടെ ദക്ഷിണേന്ത്യയുടെ വാനമ്പാടിയായി മാറിയ ഗായികയാണ് കെ.എസ്. ചിത്ര. എണ്ണമറ്റ ഹിറ്റ് ഗാനങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച അവർ, ഇരുപത്തയ്യായിരത്തിലധികം ഗാനങ്ങൾക്ക് ശബ്ദമേകുകയും ആറ് ദേശീയ പുരസ്‌കാരങ്ങൾ അടക്കം നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ ഗായികയ്ക്ക് സംഗീതലോകത്ത് എന്നും പകരംവെക്കാനില്ലാത്ത സ്ഥാനമാണുള്ളത്.
ഗായിക ജാനകിയും ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യവും പാടിയ ഒരു തെലുങ്കു ഗാനം തമിഴിലേക്ക് മൊഴിമാറ്റി പാടിയപ്പോഴുള്ള രസകരമായ ഓർമകൾ പങ്കുവെക്കുകയാണ് ഗായിക കെ.എസ്. ചിത്ര. പാടാനുള്ള പാട്ടിന്റെ ആദ്യ പല്ലവിയിൽ വരികൾക്ക് പകരം പലതരത്തിലുള്ള ചിരികളാണെന്നും അത് കേട്ടപ്പോൾ തന്നെ താൻ ഞെട്ടിപ്പോയെന്നും ചിത്ര പറയുന്നു. റിപ്പോർട്ടർ ടിവിയോട് സംസാരിക്കുകയായിരുന്നു ഗായിക.
കെ എസ് ചിത്ര. Photo. Screen grab/ Youtube
‘ജാനകിയമ്മയുടെ കയ്യിൽ എപ്പോഴും ഒരു കുഞ്ഞു ബുക്ക് കാണും. പാടുമ്പോൾ മുഖത്ത് യാതൊരു ഭാവമാറ്റങ്ങളും ഉണ്ടാകില്ല, പക്ഷേ പാട്ടിൽ വേണ്ട എക്സ്പ്രഷൻസ് ഒക്കെ വരുകയും ചെയ്യും. അത്തരത്തിൽ ഒരു പ്രത്യേക ജന്മമാണ് ജാനകിയമ്മയുടേത് . ഒരിക്കൽ ജാനകിയമ്മയും എസ്.പി.ബി. സാറും കൂടി തെലുങ്കിൽ പാടിയ പാട്ട് തമിഴിൽ പാടാൻ വേണ്ടി ഞാനും മലേഷ്യ വാസുദേവൻ സാറും ചെന്നു.
അങ്ങനെ പാട്ട് റെക്കോർഡ് ചെയ്തു തുടങ്ങിയപ്പോൾ, ദൈവമേ, ആദ്യത്തെ പല്ലവിയിൽ മുഴുവനും ഹീറോ ഹീറോയിനെ ഇക്കിളിയിടുന്ന ഭാഗമാണ്. അപ്പോൾ പാട്ടിൽ ആ ചിരിയുടെ ഇന്റൻസിറ്റി ആദ്യം ചെറുതായിട്ട് തുടങ്ങി പിന്നെ വലുതായി വലിയ ചിരിയാവണം. അങ്ങനെ ആദ്യത്തെ പല്ലവിയിൽ പല വെറൈറ്റി ചിരികൾ മാത്രമേയുള്ളൂ, മറ്റു വരികളൊന്നുമില്ല. അത് കേട്ടപ്പോൾ തന്നെ ഞാൻ അന്തംവിട്ടുപോയി,’ ചിത്ര പറഞ്ഞു.
പാട്ടിന്റെ ആദ്യ പല്ലവി തനിക്ക് പാടാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് പാട്ട് പാടാതെ സ്റ്റുഡിയോയിൽ നിന്നും പോയാലോ എന്ന് അച്ഛനോട് ചോദിക്കുകയായിരുന്നുവെന്ന് ചിത്ര ഓർത്തെടുക്കുന്നു. എന്നാൽ പാട്ടു പാടിക്കഴിഞ്ഞാലും ശരിയായില്ലെങ്കിൽ അവർ അത് മാറ്റി പാടിച്ചോളും എന്ന അച്ഛന്റെ വാക്കുകൾ കേട്ടാണ് ആ ഗാനം താൻ പാടിയതെന്നും ചിത്ര കൂട്ടിച്ചേർത്തു.
കെ എസ് ചിത്ര. Photo. Screen grab/ Youtube
‘പാട്ടിന്റെ പല്ലവി കേട്ടപ്പോൾ തന്നെ ഞാൻ അച്ഛനോട് പറഞ്ഞു, അയ്യോ ഇതെനിക്ക് പറ്റില്ല, നമുക്ക് തിരിച്ചുപോകാം എന്ന്. എന്നാൽ അച്ഛൻ പറഞ്ഞു, ഇല്ല, നീ എന്തായാലും സ്റ്റുഡിയോ വരെ വന്നു, ഇനി പാടില്ല എന്ന് പറഞ്ഞു പോകുന്നത് തെറ്റാണ്. അതുകൊണ്ട് ട്രൈ ചെയ്തുനോക്കൂ, വന്നാൽ വരട്ടെ. അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേറെ ആരെയെങ്കിലും വെച്ച് മാറ്റി പാടിച്ചോളും എന്ന്. അങ്ങനെ അച്ഛന്റെ വാക്കും കേട്ട് എന്തൊക്കെയോ കട്ടിക്കൂട്ടിയാണ് ആ പാട്ട് പാടിയത്,’ കെ.എസ്. ചിത്ര പറഞ്ഞു.