നാൽപതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിലൂടെ ദക്ഷിണേന്ത്യയുടെ വാനമ്പാടിയായി മാറിയ ഗായികയാണ് കെ.എസ്. ചിത്ര. എണ്ണമറ്റ ഹിറ്റ് ഗാനങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച അവർ, ഇരുപത്തയ്യായിരത്തിലധികം ഗാനങ്ങൾക്ക് ശബ്ദമേകുകയും ആറ് ദേശീയ പുരസ്‌കാരങ്ങൾ അടക്കം നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയ ഗായികയ്ക്ക് സംഗീതലോകത്ത് എന്നും പകരംവെക്കാനില്ലാത്ത സ്ഥാനമാണുള്ളത്. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംഗീതസംവിധായകൻ ഇളയരാജയോടൊപ്പം ആദ്യമായി പാടാൻ അവസരം ലഭിച്ച ഓർമകൾ പങ്കുവെക്കുകയാണ് പ്രശസ്ത ഗായിക കെ.എസ്. ചിത്ര.
നോക്കത്താ ദൂരത്തു കണ്ണും നട്ട് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലേക്ക് പാടാൻ വേണ്ടി സംവിധായകൻ ഫാസിൽ വഴിയാണ് ഇളയരാജയുമായി തനിക്ക് അവസരം ഉണ്ടായതെന്ന് പറയുകയാണ് കെ.എസ്. ചിത്ര.
കെ.എസ്. ചിത്ര. Photo. Screen grab/ Youtube
‘രാജ സാറിനെയൊക്കെ ജീവിതത്തിൽ കാണാൻ പറ്റുമെന്നുപോലും വിചാരിച്ചിട്ടില്ല. അങ്ങനെയുള്ള രാജ സാറിന്റെ അടുത്ത് എനിക്കൊരു അവസരം ഉണ്ടാക്കിത്തന്നത് ഫാസിൽ സാറാണ്. നോക്കത്താ ദൂരത്തു കണ്ണും നട്ട് എന്ന സിനിമ തമിഴിൽ എടുക്കുമ്പോൾ അതിലേക്ക് പാടാൻ വേണ്ടി, ചെന്നൈയിൽ പോകുമ്പോൾ രാജ സർ കാണാൻ വരാൻ പറഞ്ഞു എന്ന് ഫാസിൽ സർ എന്നോട് പറഞ്ഞു.
അത് കേട്ടപ്പോൾ ഞാൻ വിചാരിച്ചത് എന്നെ കളിയാക്കാൻ വേണ്ടി പറയുകയായിരിക്കും എന്നാണ്. പക്ഷേ ഫാസിൽ സർ പറഞ്ഞു, കാര്യമായിട്ട് പറഞ്ഞതാണ്, വോയിസ് ടെസ്റ്റ് ചെയ്യാൻ ചെന്നൈയിൽ രാജ സാറിന്റെ അടുത്ത് പോകണം എന്ന്,’ കെ.എസ്. ചിത്ര പറയുന്നു.
എന്നാൽ അന്ന് താൻ പാടിയ പാട്ട് കേട്ടിട്ട് അതിലെ തെറ്റുകൾ സ്വന്തമായി കണ്ടെത്താനാണ് ഇളയരാജ പറഞ്ഞതെന്ന് ഓർത്തെടുക്കുകയാണ് കെ.എസ്. ചിത്ര.
‘അങ്ങനെ ചെന്നൈയിൽ പോയി അദ്ദേഹത്തെ കണ്ടപ്പോൾ ആദ്യം തന്നെ എന്തെങ്കിലും ഒന്ന് പാടാൻ പറഞ്ഞു. അപ്പോൾ ഞാൻ ഒരു കീർത്തനം പാടിക്കൊടുത്തു. പക്ഷേ ഞാൻ വെപ്രാളം കൊണ്ട് പാടിയതുകൊണ്ട് അതിൽ കുറെ കറക്ഷൻസ് ഉണ്ടായിരുന്നു, അതൊക്കെ സാർ പറഞ്ഞുതന്നു, ഓൾ ദി ബെസ്റ്റ് ഒക്കെ പറഞ്ഞുവിട്ടു. പക്ഷേ അവിടുന്ന് പോരുമ്പോൾ എനിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു.
കെ.എസ്. ചിത്ര. Photo. Screen grab/ Youtube
പിറ്റേ ദിവസം രാവിലെ തന്നെ റെക്കോർഡിങ് ഉണ്ടെന്ന് പറഞ്ഞു വിളിച്ചു. അങ്ങനെ പൂവേ പൂച്ചൂടവാ എന്ന പാട്ട് പാടിക്കഴിഞ്ഞപ്പോൾ സാർ എന്നോട് അടുത്തിരിക്കാൻ പറഞ്ഞു. എന്നിട്ട്, ഈ പാട്ടിൽ എന്തൊക്കെ മിസ്റ്റേക്സ് ഉണ്ടെന്ന് നീ എനിക്ക് പറഞ്ഞുതരണം എന്ന് പറഞ്ഞു, ഒരു സെൽഫ് ക്രിട്ടിസിസം പോലെ. അങ്ങനെ ഞാൻ തപ്പിത്തടഞ്ഞു, അങ്കെ ഇങ്കെ എന്നൊക്കെ പറഞ്ഞു. പക്ഷേ എന്നെ രണ്ടാമതും പാടാൻ പറഞ്ഞൊന്നും ഇല്ല. ‘അടുത്ത പ്രാവശ്യം ഈ മിസ്റ്റേക്സ് ഒക്കെ തിരുത്തി വന്നാൽ മതി,’ എന്നായിരുന്നു അന്ന് സർ പറഞ്ഞത്,’ കെ.എസ്. ചിത്ര പറഞ്ഞു.