| Saturday, 5th September 2026, 9:08 am

ആ പാട്ടിലെ 108 പേരുകൾ ശ്വാസമെടുക്കാൻ സ്പേസില്ലാതെ പാടിത്തീർക്കാൻ ബുദ്ധിമുട്ടായിരുന്നു: കെ എസ് ചിത്ര

നന്ദന. ടി

നാലുപതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിലൂടെ ദക്ഷിണേന്ത്യയുടെ വാനമ്പാടിയായി മാറിയ ഗായികയാണ് കെ.എസ്. ചിത്ര. എണ്ണമറ്റ ഹിറ്റ് ഗാനങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച അവർ, ഇരുപത്തയ്യായിരത്തിലധികം ഗാനങ്ങൾക്ക് ശബ്ദമേകുകയും ആറ് ദേശീയ പുരസ്‌കാരങ്ങൾ അടക്കം നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ  പ്രിയ ഗായികയ്ക്ക് സംഗീതലോകത്ത് എന്നും പകരംവെക്കാനില്ലാത്ത സ്ഥാനമാണുള്ളത്.

റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സംഗീത ജീവിതത്തിൽ പാടിത്തീർക്കാൻ ബുദ്ധിമുട്ടേണ്ടിവന്ന സന്ദർഭങ്ങൾ ഓർത്തെടുക്കുകയാണ് കെ.എസ്. ചിത്ര.

കെ എസ് ചിത്ര. Photo. Screen grab/ Youtube

പുരുഷ ലക്ഷണം എന്ന തമിഴ് സിനിമയിലെ 108 ദേവി നാമങ്ങളുള്ള ഒരു ഗാനം ശ്വാസമെടുക്കാതെ പാടാൻ ബുദ്ധിമുട്ടിയെന്ന് പറയുകയാണ് കെ.എസ്. ചിത്ര.

‘ഖുശ്ബു അഭിനയിച്ച പുരുഷ ലക്ഷണം എന്ന സിനിമയിലെ ഒരു പാട്ടിൽ 108 ദേവിമാരുടെ പേരുകൾ വരുന്ന ഒരു ഭാഗമുണ്ടായിരുന്നു. ആ പേരുകൾ തുടർച്ചയായി പാടണം, ശ്വാസമെടുത്ത് പോയാൽ ഒരു വാക്ക് വിട്ടുപോകും.

ശ്വാസമെടുക്കാനുള്ള ഒരു സ്പേസും ആ പാട്ടിൽ ഇല്ലായിരുന്നു, കാരണം ഇടയിൽ ബി.ജി.എം ഒന്നുമില്ലാതെ മൊത്തം ഈ പേരുകൾ തന്നെയാണ്. അന്നൊന്നും സാങ്കേതികപരമായ സഹായങ്ങളൊക്കെ കുറവാണ്. അപ്പോൾ ആ ഭാഗം വരുന്നതിന് മുന്നേ തന്നെ മാക്സിമം ശ്വാസം വലിച്ചുപിടിക്കുമായിരുന്നു. എന്നാലും മുഴുവനായി കംപ്ലീറ്റ് ആക്കാൻ പറ്റിയില്ല,’ ചിത്ര പറഞ്ഞു.

പിന്നീട് സൗണ്ട് എൻജിനീയറുടെ സഹായത്തോടുകൂടിയാണ് ആ ഗാനം പാടിത്തീർക്കാൻ സാധിച്ചതെന്നും ചിത്ര ഓർത്തെടുക്കുന്നു.

‘അന്ന് ഇത്രയും ടെക്നോളജിയൊന്നും ഇല്ല, പക്ഷെ അവിടെ സുധാകർ എന്ന് പറഞ്ഞ ഒരു സൗണ്ട് എൻജിനീയർ ഉണ്ടായിരുന്നു. അദ്ദേഹം ഒരു റിസ്ക് എടുത്തു. ഞാൻ പാടിയ ഒരു വേർഡിൽ അദ്ദേഹം എനിക്ക് പഞ്ച് ചെയ്തു തന്നു, അതായത് ആ മൊത്തം ഭാഗം രണ്ട് കട്ട് ആയിട്ട് പാടാൻ പറ്റി. അദേഹത്തിന്റെ സഹായത്തോടെയാണ് ആ പാട്ട് പാടിതീർക്കാൻ സാധിച്ചത്. അത് ഭയങ്കരമായി കഷ്ടപ്പെട്ട ഒരു അവസരമായിരുന്നു,’ ഗായിക പറഞ്ഞു.

കെ എസ് ചിത്ര. Photo. Screen grab/ Youtube

മമ്മൂട്ടിയുടെ അഴകൻ എന്ന ചിത്രത്തിലെ ഒരു ഗാനവും ഇത്തരത്തിൽ പാടാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ കാരണം രണ്ടു മൂന്ന് പ്രാവശ്യം തെറ്റിക്കേണ്ടി വന്നിട്ടുണ്ടെന്നും ചിത്ര പറഞ്ഞു.

‘ മമ്മൂട്ടി സാറിന്റെ അഴകൻ എന്ന സിനിമയിലെ തത്തി തോം എന്ന് പറയുന്ന ഒരു പാട്ടുണ്ട്. അതിന്റെ അവസാനം ഒരു സ്വര ഫ്രെയ്സിങ് ഉണ്ട്. അതിലെ ചില ജമ്പിങ് നോട്ടുകൾ ലൈവായി പാടുമ്പോൾ കുറച്ച് ബുദ്ധിമുട്ടാണ്. അത് കാരണം ഒരു മൂന്ന് നാല് പ്രാവശ്യം ടേക്ക് പോകേണ്ടി വന്നിട്ടുണ്ടായിരുന്നു,’ ഗായിക പറഞ്ഞു.

തെലുങ്കിൽ പാമ്പുകടിയേറ്റ ഭർത്താവുമായി അമ്പലത്തിൽ കയറുന്ന ഒരു സ്ത്രീ പാടുന്ന പാട്ട് പാടിത്തീർക്കാനും താൻ ഒരുപാട് കഷ്ടപ്പെട്ടു എന്നും ചിത്ര തുറന്നുപറയുന്നു.

‘ഏറ്റവും കൂടുതൽ വിഷമിച്ചുപോയ ഒരു അവസരം തെലുങ്കിൽ ഒരു പാട്ട് പാടിയപ്പോഴായിരുന്നു. അതായത് ഭർത്താവിനെ പാമ്പുകടിച്ചിട്ട് അദ്ദേഹത്തെയും എടുത്ത് അമ്പലത്തിന് മുന്നിൽ ദൈവത്തോട് നോക്കി അലറി പാടുന്ന ഒരു പാട്ടായിരുന്നു.

എം.എസ്. റെഡ്ഡി എന്ന് പറയുന്ന സാർ ആയിരുന്നു സിനിമയുടെ നിർമ്മാതാവും സംവിധായകനുമൊക്കെ. അദ്ദേഹം പാടുമ്പോൾ വന്നിരിക്കും. അപ്പോൾ ആ ഒരു അലർച്ച കൊണ്ടുവരാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു,’ കെ.എസ്. ചിത്ര പറഞ്ഞു.

Content Highlight: K.S. Chithra recalls a challenging moments during song recording

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more