ബംഗളൂരു: പ്രമുഖ ഇലക്ട്രോണിക്‌സ് വിദഗ്ദ്ധനും കെല്‍ട്രോണിന്റെ സ്ഥാപക ചെര്‍മാനുമായ പത്മഭൂഷണ്‍ കെ.പി.പി നമ്പ്യാര്‍ (86) അന്തരിച്ചു. ബംഗളൂരുവിലെ ഡോളേഴ്‌സ് കോളനിയിലെ കല്യാശ്ശേരി വീട്ടില്‍ ചൊവ്വാഴ്ച രാത്രി 7.50 ഓടെ ആയിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ബുധനാഴ്ച നാട്ടിലത്തെിക്കും.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ പ്രഥമ പദ്ധതി നിര്‍വഹണ സമിതി ചെയര്‍മാന്‍, കേന്ദ്ര സര്‍ക്കാറിന്റെ ഇലക്ട്രോണിക്‌സ് വകുപ്പിന്റെ സെക്രട്ടറി എന്ന നിലകളില്‍ ഇലക്ട്രോണിക്‌സ് വ്യവസായ രംഗത്തും വ്യവസായ വളര്‍ച്ചക്കും കെ.പി.പി നമ്പ്യാര്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്.
1929 ഏപ്രില്‍ 15ന് കണ്ണൂര്‍ ജില്ലയിലെ കല്ല്യാശേരിയിലാണ് അദ്ദേഹത്തിന്റെ ജനനം. തളിപ്പറമ്പില്‍ ഹൈസ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ കെ.പി.പി നമ്പ്യാര്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. ലണ്ടനിലെ ഇംപീരിയല്‍ കോളജ് ഒഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നുമാണ് എം.എസ്.സി ബിരുദം കരസ്ഥമാക്കിയത്.
1973ലാണ് കെല്‍ട്രോണിന്റെ ആദ്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്.1987ല്‍ കേന്ദ്രസര്‍ക്കാറിന്റെ ഇലക്ട്രോണിക്‌സ് വകുപ്പിന്റെ (ഇപ്പോഴത്തെ ഐ.ടി.വകുപ്പ്) സെക്രട്ടറിസ്ഥാനത്തെത്തി. 1989ല്‍ കേന്ദ്രസര്‍വീസില്‍നിന്ന് വിരമിച്ച ഇദ്ദേഹം സര്‍ക്കാറിന്റെ പ്രത്യേക ഉപദേഷ്ടാവായി സേവനം തുടര്‍ന്നു.