സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് നടിയും നാടക നടിയുമായ കെ.പി.എ.സി ലീല. ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സ്റ്റേജില്‍ നൃത്തം ചെയ്യുന്നതും നാടകം കളിക്കുന്നതുമൊന്നും കുട്ടിക്കാലത്ത് സ്വപ്നം പോലും കണ്ടിട്ടില്ലെന്നും താന്‍ നാട്ടിന്‍പുറത്തെ ഒരുസാധാരണ കുടുംബത്തില്‍ ജനിച്ചയാളാണെന്നും നടി പറയുന്നു.
കെ.പി.എ.സി ലീല Photo: Kerala kaumudi
‘സിനിമ കണ്ട് അതിലെ ഡാന്‍സൊക്കെ വീട്ടില്‍ അനുകരിച്ച് നോക്കുമായിരുന്നു. അത് കണ്ടാണ് അച്ഛനെന്നെ കലാമണ്ഡലത്തില്‍ നൃത്ത പഠനത്തിന് ചേര്‍ത്തത്. സന്തോഷം നിറഞ്ഞ പഠനകാലമായിരുന്നു അത്.
നൃത്തത്തില്‍ നിന്ന് പിന്നീട് നാടകത്തിലേക്ക് വന്നപ്പോള്‍ എനിക്ക് ശരിക്കും സങ്കടമായിരുന്നു.
നൃത്തത്തിനോടായിരുന്നു കൂടുതല്‍ താത്പര്യം. അക്കാലത്തൊക്കെ മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കുക എന്നല്ലാതെ മറ്റ് മാര്‍ഗമില്ലല്ലോ. നാടകത്തില്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ നൃത്തം നിലച്ചുപോയതിന്റെ നിരാശയില്‍ കരഞ്ഞിട്ടുണ്ട്,’ കെ.പി.എ.സി.ലീല പറഞ്ഞു.
എങ്ങനെ സ്റ്റേജില്‍ നില്‍ക്കണമെന്നോ, നാടകം അഭിനയിക്കണമെന്നോ ഒന്നും തനിക്കറിയില്ലായിരുന്നുവെന്നും അന്ന് താന്‍ വളരെ മെലിഞ്ഞിട്ടായിരുന്നുവെന്നും നടി പറഞ്ഞു. ‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന നാടകത്തില്‍ ‘തനിക്ക് നൃത്തം ചെയ്യാനുള്ള അവസരം ലഭിച്ചുവെന്നും അതിന് പിന്നാലെയാണ് എന്നെ സിനിമയിലേക്ക് വിളിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2023ല്‍ പുറത്തിറങ്ങിയ പൂക്കാലം എന്ന ചിത്രത്തില്‍ കെ.പി.എ.സി. ലീല ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. അടുത്തിടെ ഇറങ്ങി ഹിറ്റായി മാറിയ ദിന്‍ജിത്ത് അയ്യത്താന്‍ ചിത്രം എക്കോയില്‍ മ്ലാത്തി ചേടത്തിക്ക് ശബ്ദം നല്‍കിയത് കെ.പി.എ.സി ലീല ആയിരുന്നു.
Content Highlight: K.P.A.C. Leela said she never thought she would be able to act in films