| Monday, 30th June 2025, 10:42 pm

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ മേഖലക്ക് വകയിരുത്തിയത് 9667 കോടി, അനുവദിച്ചത് 9994 കോടി; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ധനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊതുജനാരോഗ്യ മേഖലക്കുള്ള ബജറ്റ് വിലയിരുത്തലുകളെ കുറിച്ചുള്ള ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ 9667 കോടി രൂപയായിരുന്നു ആരോഗ്യമേഖലയ്ക്കുള്ള വകയിരുത്തലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ അനുവദിച്ച് നല്‍കിയത് 9994 കോടി രൂപയാണെന്നും മന്ത്രി അറിയിച്ചു.

103 ശതമാനം ചെലവാണ് പൊതുജനാരോഗ്യ മേഖലയില്‍ ഉണ്ടായതെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ചില മേഖലകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ബജറ്റിലെ വകയിരുത്തല്‍ തികയാതെ വരുന്ന സാഹചര്യങ്ങളിലാണ് ഇത്തരത്തില്‍ അഡീഷണല്‍ ഓതറൈസേഷന്‍ വഴി തുക നല്‍കുന്നത്. നടപ്പുവര്‍ഷം 10,432 കോടി രൂപയാണ് ബജറ്റ് വകയിരുത്തല്‍. അതില്‍ 2504 കോടി രൂപയും കൈമാറിക്കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

അതായത് മൂന്ന് മാസത്തിനുള്ളില്‍ ആകെ ബജറ്റ് വകയിരുത്തലിന്റെ നാലിലൊന്ന് തുകയും നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യവര്‍ഷം (2021-22) 8266 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യത്തെ നേരിടുന്നതുള്‍പ്പെടെയുള്ള ചെലവുകള്‍ നിര്‍വഹിക്കാനായി 11,361 കോടി രൂപ അനുവദിച്ചു നല്‍കിയെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

ഇക്കാലയളവില്‍ 137 ശതമാനമാണ് ചെലവ് രേഖപ്പെടുത്തിയത്. 2022-23ല്‍ 9425 കോടി രൂപ വകയിരുത്തുകയും 9675 കോടി രൂപ അനുവദിക്കുകയും ചെയ്തു. 103 ശതമാനമാണ് ചെലവ്. 2023-24ല്‍ കടുത്ത സാമ്പത്തിക ഞെരുക്കം നേരിട്ടു. തുടര്‍ന്ന് എല്ലാ മേഖലയിലും മുന്‍ഗണനകള്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നില്ല. 9430 കോടി രൂപയുടെ വകയിരുത്തലില്‍ 9014 കോടി രൂപയും ചെലവിട്ടു. 96 ശതമാനമാണ് ചെലവ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

ബാക്കിവന്ന നാല് ശതമാനം അത്യാവശ്യമല്ലാത്ത ചില കെട്ടിട നിര്‍മാണം പോലെയുള്ളവയ്ക്ക് നീക്കിവെച്ചതാണ്. ആശുപത്രികളും രോഗികളുമായി ബന്ധപ്പെട്ട ഒരു ചെലവിലും ആ വര്‍ഷവും കുറവ് വരുത്തിയിട്ടില്ല. ആരോഗ്യ മേഖലയിലെ ചെലവുകള്‍ക്ക് ഒരുവിധ ട്രഷറി നിയന്ത്രണവും ബാധകമാക്കാറുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 770 തസ്തികകളാണ് ആരോഗ്യ മേഖലയില്‍ പുതുതായി അനുവദിച്ചത്. പല സ്പെഷ്യാലിറ്റികളിലും അത്യാധുനിക ചികിത്സാ രീതികള്‍ക്ക് തുടക്കമിട്ടു. റൊബോട്ടിക് സര്‍ജറി, പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി തുടങ്ങിയവ ഉള്‍പ്പെടെ ആരംഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വസ്തുതകള്‍ ഇതാണെന്നിരിക്കെ തെറ്റായ കണക്കുകളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlight: K.N. Balagopal says allegations about budget assessments for the public health sector are completely baseless

We use cookies to give you the best possible experience. Learn more