| Friday, 18th July 2025, 8:43 pm

ഒരു ദിവസത്തെ ചികിത്സയ്ക്കായി 1,91,601 രൂപ ചെലവാക്കിയെന്ന വ്യാജപ്രചാരണം; പരാതി നല്‍കി ധനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു ദിവസത്തെ ചികിത്സയ്ക്കായി 1,91,601 രൂപ കൈപ്പറ്റിയെന്ന വ്യാജവാര്‍ത്തയില്‍ പരാതി നല്‍കി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. തനിക്കെതിരെ തീര്‍ത്തും വസ്തുതാവിരുദ്ധമായ വാര്‍ത്ത പ്രചരിപ്പിച്ച ‘കലയന്താനി കാഴ്ചകള്‍’ എന്ന ഫെയ്‌സ്ബുക്ക് പേജിനെതിരെയാണ് മന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

2024 മെയ് 12ന്‌ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബ്ലോക്കുകള്‍ ഉണ്ടെന്ന് കണ്ടെത്തുകയും മെയ് 14ന് പുലര്‍ച്ചെ ആന്‍ജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഇടുകയും ചെയ്തു. പിന്നീട് മെയ് 17നാണ് ഡിസ്ചാര്‍ജ്‌ ചെയ്തത്.

എന്നാല്‍ ചികിത്സയ്ക്കു ശേഷം മെഡിക്കല്‍ കോളേജില്‍ അടച്ച തുകയുടെ റീ ഇംബേഴ്‌സ്‌മെന്റിനെ സംബന്ധിച്ചാണ് വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തുന്നത്. യു.ഡി.എഫ്, സംഘപരിവാര്‍ അനുകൂല സോഷ്യല്‍മീഡിയാ ഹാന്‍ഡിലുകള്‍ വഴിയും യൂട്യൂബ് ചാനലുകള്‍ വഴിയുമാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറയുന്നു.

ആന്‍ജിയോപ്ലാസ്റ്റി നടത്താന്‍ എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചാര്‍ജ് ചെയ്യുന്ന സാധാരണ തുക മാത്രമാണ് തനിക്കും ചെലവായത്. മേയ് 12ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ശേഷം മെയ് 17നാണ് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍
വെറും 24 മണിക്കൂര്‍ ചികിത്സയ്ക്കായി 1,91,601 ചെലവായെന്നാണ് ഒരുവിഭാഗം ആളുകള്‍ പ്രചരിപ്പിക്കുന്നത്.

‘ഹൃദ്രോഗം പോലെ ഗൗരവതരമായ ഒരു സംഗതിയ്ക്ക്, ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇതിന്റെ എത്രയോ ഇരട്ടി തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാനുള്ള അനുമതിയുണ്ടായിട്ടും, താരതമ്യേന ചെലവുകുറഞ്ഞ നമ്മുടെ പൊതു ആരോഗ്യസംവിധാനത്തെ ഉപയോഗപ്പെടുത്തിയതാണ് ഞാന്‍ ചെയ്ത കുറ്റമെന്നാണോ ഈ പ്രചാരണം നടത്തുന്നവര്‍ പറയുന്നത്?

ഹൃദ്രോഗത്തിന് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഫലപ്രദമായ ചികിത്സയുണ്ടെന്നും അതിനെ സര്‍ക്കാരിന്റെ ഭാഗമായ ഞാനടക്കമുള്ളവര്‍ വിശ്വസിച്ച് ആശ്രയിക്കുന്നുണ്ടെന്നുമുള്ള പോസിറ്റീവായ സംഗതിയല്ലേ അതില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും’, കെ.എന്‍.ബാലഗോപാല്‍ ചോദിച്ചു.

ഒരുവര്‍ഷത്തോളമായി ഇത്തരം പ്രചാരണങ്ങളെ അവഗണിക്കുകയായിരുന്നു. എന്നാല്‍ സാധാരണക്കാര്‍ പലരും സത്യമറിയാതെ ഈ പ്രചാരണം വിശ്വസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: K.N. Balagopal files complaint against false information 

We use cookies to give you the best possible experience. Learn more