| Friday, 31st July 2026, 9:32 pm

മൂന്ന് എം.എല്‍.എമാരാല്‍ കേരളം ഭരിക്കാമെന്ന് ബി.ജെ.പി തെളിയിക്കുന്നു: കെ എന്‍ ബാലഗോപാല്‍

ആദർശ് എം.കെ.

തിരുവനന്തപുരം: കേരളത്തില്‍ നിലനില്‍ക്കുന്ന യു.ഡി.എഫ് – ബി.ജെ.പി ബന്ധത്തിന്റെ തെളിവാണ് കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുഗതനെ രക്ഷപ്പെടുത്താന്‍ വേണ്ടി ആഭ്യന്തരവകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ എന്ന് സി.പി.ഐ.എം നേതാവും എം.എല്‍.എയുമായ കെ.എന്‍. ബാലഗോപാല്‍.

സുഗതന് ആറുമാസത്തേക്ക് അവധിയെടുക്കാമെന്നും ഇത് കൗണ്‍സിലില്‍ വോട്ടിനിട്ട് പാസാക്കിയാല്‍ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമാക്കാമെന്നുള്ള ആഭ്യന്തരവകുപ്പിന്റെ സര്‍ക്കുലറിലൂടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സുഗതന് അനുകൂലമായ അവധി തീരുമാനം ഉണ്ടാക്കി എടുത്തിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിച്ചു.

കേരളം ഭരിക്കാന്‍ കേവല ഭൂരിപക്ഷം നേടേണ്ട കാര്യമില്ല എന്ന് ബി.ജെപി നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് ഈ നാട് മനസിലാക്കുന്നുണ്ടെന്നും മൂന്ന് എം.എല്‍.എമാരെ മാത്രം വെച്ചുകൊണ്ട് ബി.ജെ.പി കേരളം ഭരിക്കുന്നു എന്ന പ്രതീതിയാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുഗതനെ സംരക്ഷിക്കാന്‍ ഒത്താശ ചെയ്ത യു.ഡി.എഫ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ മറുപടി പറയണമെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന കൗണ്‍സിലര്‍ ആര്‍. സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചത്. യോഗത്തില്‍ 51 പേര്‍ അവധി അപേക്ഷയെ പിന്താങ്ങിയതായി മേയര്‍ വി.വി. രാജേഷ് അറിയിച്ചു. യു.ഡി.എഫ് വിമതന്‍ സുധീഷിന്റ പിന്തുണയിലാണ് സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ പാസാക്കിയത്.

കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ കാസ്റ്റിങ് വോട്ടും രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് വാഴോട്ടുകാണം വാര്‍ഡ് കൗണ്‍സിലറായ സുഗതന് അവധി അനുവദിക്കുന്ന പ്രമേയം പാസായത്. പിന്നാലെ പ്രതിപക്ഷമായ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഡയസിന് മുന്നിലെത്തി ശക്തമായ പ്രതിഷേധം ഉയര്‍ത്തി.

കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എസ്‌കോര്‍ട്ട് പരോള്‍ വേണമെന്ന സുഗതന്റെ ആവശ്യം മുന്‍പ് ആഭ്യന്തര വകുപ്പ് നിരസിച്ചിരുന്നു. എന്നാല്‍, മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് കൗണ്‍സില്‍ വോട്ടിനിട്ട് അവധി അംഗീകരിച്ചതോടെ സുഗതന്റെ കൗണ്‍സിലര്‍ സ്ഥാനം ഇനി സുരക്ഷിതമായി തുടരും.

ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുഗതനെ രക്ഷപ്പെടുത്താന്‍ വേണ്ടി ആഭ്യന്തരവകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ കേരളത്തില്‍ നിലനില്‍ക്കുന്ന യു.ഡി.എഫ്- ബി.ജെ.പി ബാന്ധവത്തിന്റെ തെളിവാണ്. സുഗതന് ആറുമാസത്തേക്ക് അവധിയെടുക്കാമെന്നും ആയത് കൗണ്‍സിലില്‍ വോട്ടിനിട്ട് പാസാക്കിയാല്‍ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമാക്കാമെന്നും ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരിക്കുന്നു.

അതിവിചിത്രമായ ഈ സര്‍ക്കുലര്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇന്ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സുഗതന് അനുകൂലമായ അവധി തീരുമാനം ഉണ്ടാക്കി എടുത്തിരിക്കുന്നത്.

കേരളം ഭരിക്കാന്‍ കേവല ഭൂരിപക്ഷം നേടേണ്ട കാര്യം ബി.ജെ.പിക്കില്ല എന്ന് ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നതിന്റെ അര്‍ത്ഥം എന്താണെന്ന് നാട് മനസ്സിലാക്കുകയാണ്. മൂന്ന് എം.എല്‍.എമാരെ മാത്രം വെച്ചുകൊണ്ട് ബി.ജെ.പി കേരളം ഭരിക്കുന്നു എന്ന പ്രതീതിയാണുള്ളത്.

സുഗതനെ സംരക്ഷിക്കാന്‍ ഒത്താശ ചെയ്ത യു.ഡി.എഫ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ മറുപടി പറയണം.

Content highlight: K.N. Balagopal criticizes the government for granting leave to Sugathan, an accused in a KAAPA case.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more