തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്നും അതിന് താത്പര്യമില്ലെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.
താൻ മത്സരിക്കുമെന്ന് പലയിടങ്ങളിൽ നിന്നും കേൾക്കുന്നുണ്ടെന്നും മറ്റുകാര്യങ്ങൾ തീരുമാനിക്കുന്നത് പാർട്ടിയാണെന്നും കെ.മുരളീധരൻ പറഞ്ഞു.
പാർട്ടിക്കകത്ത് നിന്നും പണിതരുന്നവരുണ്ടെന്നും തൃശൂരിൽ നിന്നും തോൽക്കാൻ കാരണമതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് – ബി.ജെ.പി മത്സരമാണ് നടക്കുകയെന്നും ബി.ജെ.പിയുമായി സി.പി.ഐ.എമ്മിന് അന്തർധാരയുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.
യു.ഡി.എഫിന് ഇപ്പോൾ അനുകൂല സാഹചര്യമാണ്. കോൺഗ്രസിൽ നിന്നും പുറത്തുപോകുന്നവരെ പേടിക്കേണ്ടതില്ലെന്നും അതിന് ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പാർട്ടിക്ക് അകത്ത് നിന്നും പണി തരുന്നവരുണ്ട്. അത്തരക്കാർ തൃശൂരിലുമുണ്ട്. അവരെ സൂക്ഷിക്കണം. തൃശൂരിലെ സീറ്റ് നഷ്ടപ്പെടാൻ കാരണം അതാണ്. ഗുരുവായൂരിലെ നഷ്ടപെട്ട സീറ്റ് തിരിച്ചുപിടിക്കണം. അതിന് ഒന്നിച്ചു നിൽക്കണം,’ കെ. മുരളീധരൻ പറഞ്ഞു.
കെ.മുരളീധരൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിലെ കായംകുളത്തും കോഴിക്കോട് തിരുവമ്പാടിയിലും പോസ്റ്ററുകൾ ഇറങ്ങിയിരുന്നു.
മുരളീധരൻ കേരളത്തിന്റെ മതേതര മുഖമാണെന്നും വിജയം സുനിശ്ചിതമാണെന്നുമായിരുന്നു പോസ്റ്ററിലുള്ളത്.
എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും അതിനുള്ളൊരു മൂഡ് തനിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത് ശരിയല്ലെന്നും അതിനാൽ ഈ തെരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: K. Muraleedharan says he will not contest the elections