തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം. നേതാവ് കെ.എം മാണി നെറികേടിന്റെ പര്യായമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഇന്ന് സി.പി.ഐ.എം പിന്തുണ തേടിയവര്‍ നാളെ മോദിയുടെ പിന്തുണ തേടുമെന്നും മുരളീധരന്‍ പറഞ്ഞു.
തല്ലുന്നവരുടെ കൈ തലോടാനാണ് മാണിക്കിഷ്ടം. തോന്നുമ്പോള്‍ വന്നുപോകാനുള്ള വഴിയമ്പലമല്ല യു.ഡി.എഫ്. കാക്ക മലര്‍ന്ന് പറന്നാലും മാണിയും ജോസ്.കെ.മാണിയും ഇനി യു.ഡി.എഫിലുണ്ടാകില്ല.
രാഷ്ട്രീയ വഞ്ചനയാണ് മാണി കാണിച്ചത്. കെ.എം മാണിയെ വിശ്വസിച്ച് അദ്ദേഹം നിലനിര്‍ത്തുന്ന പ്രസ്ഥാനവുമായി ഇനി കോണ്‍ഗ്രസിന് ബന്ധമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലും മാണിയുടെ പാര്‍ട്ടിയുമായി യാതൊരു ബന്ധവും കോണ്‍ഗ്രസിനുണ്ടാകില്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു
സി.പി.ഐ. എമ്മിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസിനെ അട്ടിമറിച്ചാണ് കേരള കോണ്‍ഗ്രസ് എം. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചിരുന്നത്. കേരള കോണ്‍ഗ്രസിലെ സക്കറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാമെന്ന് കരാറുണ്ടാക്കിയശേഷം നാടകീയമായാണ് കേരള കോണ്‍ഗ്രസ് അട്ടിമറി നടത്തിയത്.
Dont Miss കോണ്‍ഗ്രസ് മലര്‍ന്നു കിടന്നു തുപ്പുന്നു ; കരാര്‍ ലംഘനം ആദ്യം നടത്തിയത് കോണ്‍ഗ്രസെന്നും കെ.എം മാണി
22 അംഗങ്ങളുള്ള കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സണ്ണി പാമ്പാടിയെ പിന്തുണയ്ക്കാമെന്ന് കേരള കോണ്‍ഗ്രസ് എഴുതിനല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം മാണി വിഭാഗം സി.പി.ഐ. എം പിന്തുണയോടെ മല്‍സരിക്കാനിറങ്ങി. സണ്ണി പാമ്പാടിയെ അട്ടിമറിച്ച് സക്കറിയാസ് കുതിരവേലി പ്രസിഡന്റാകുകയും ചെയ്തു.
സി.പി.ഐ.എമ്മിന്റെ ആറുവോട്ടടക്കം കുതിരവേലിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചു. സണ്ണിക്ക് എട്ടും. സി.പി.ഐ വോട്ടുചെയ്തില്ല. പി.സി.ജോര്‍ജ് വിഭാഗം ഏക വോട്ട് അസാധുവാക്കുകയും ചെയ്തു.