തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പാര്‍ട്ടി നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.
ഒന്നാം ഘട്ടം എന്ന നിലയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുലിനെ കൊണ്ട് രാജിവെപ്പിച്ചതെന്നും രണ്ടാം ഘട്ടം എന്ന നിലയിലാണ് സസ്‌പെന്‍ഷനെന്നും ഇനിയും പരാതികള്‍ ഉണ്ടാവുകയും തെളിവുകള്‍ പുറത്തുവരികയും ചെയ്താല്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് രാഹുലിനെ മാറ്റി നിര്‍ത്തുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും മാറ്റിനിര്‍ത്തുമെന്നായിരുന്നു മുരളീധരന്റെ മറുപടി. പാര്‍ട്ടി അംഗത്തിന് ലഭിക്കുന്ന പ്രൊട്ടക്ഷന്‍ ഇനി രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
‘ഒന്നാം ഘട്ടം എന്ന നിലയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുലിനെ കൊണ്ട് രാജിവെപ്പിച്ചത്. രണ്ടാം ഘട്ടം എന്ന നിലയിലാണ് സസ്‌പെന്‍ഷന്‍. ഇനിയും പരാതികള്‍ ഉണ്ടാവുകയും തെളിവുകള്‍ പുറത്തുവരികയും ചെയ്താല്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കും. അതില്‍
സംശയമില്ല.
പിന്നെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല. കാരണം ഇത്രയും നടപടികളൊന്നും ഒരു പാര്‍ട്ടിയും മുന്‍പ് സ്വീകരിച്ചിട്ടില്ല.
ഉപതെരഞ്ഞെടുപ്പിനെ ഞങ്ങള്‍ക്ക് ഭയമില്ല. പാലക്കാട്ടെ മത്സരം യു.ഡി.എഫും ബി.ജെ.പിയുമായിട്ടാണ്. അതുകൊണ്ട് തന്നെ ഒരിക്കലും പരാജയ ഭീതി ഞങ്ങള്‍ക്കില്ല.
പക്ഷേ ഇവിടെ ബൈ ഇലക്ഷനല്ല ചര്‍ച്ച. ഒരു എം.എല്‍.എക്കെതിരായി ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ തീര്‍ച്ചയായും പാര്‍ട്ടിക്കത് വെറുതെ നോക്കിയിരിക്കാന്‍ കഴിയില്ല.
അതിന്റെ ഭാഗമായിട്ടാണ് നടപടി സ്വീകരിച്ചത്. പിന്നെ ഈ വന്ന ഓഡിയോയുടെ എല്ലാം ആധികാരികത കൂടി അറിയണം. ഇക്കാര്യത്തില്‍ മാങ്കൂട്ടത്തിലിന്റെ നിലപാടും അറിയണം.
ഇതുവരെ അദ്ദേഹത്തിന്റെ വിശദീകരണം പാര്‍ട്ടിക്ക് കിട്ടിയിട്ടില്ല. അദ്ദേഹത്തിന് അതുംകൂടി നല്‍കാനുള്ള സമയം ഉണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍ എന്നത് സ്ഥിരം ഏര്‍പ്പാടല്ല. കൂടുതല്‍ കടുത്ത നടപടിയിലേക്ക് പോകാന്‍ പാര്‍ട്ടിക്ക് മടിയില്ല എന്നതിന്റെ സൂചനയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റി നിര്‍ത്തും. പാര്‍ട്ടി അംഗത്തിന് ലഭിക്കുന്ന പ്രൊട്ടക്ഷന്‍ ഇനി രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കില്ലെന്നതിന്റെ സൂചനയാണ് ഈ സസ്‌പെന്‍ഷന്‍,’ മുരളീധരന്‍ പറഞ്ഞു.
ഉമാ തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിനും മുരളീധരന്‍ മറുപടി നല്‍കി.
അത്തരം കമന്റുകള്‍ വായിക്കാതിരുന്നാല്‍ പോരെ എന്നായിരുന്നു മുരളീധരന്റെ മറുപടി.
‘എനിക്ക് എതിരായി എന്തൊക്കെ വന്നു. ഞാന്‍ മൈന്‍ഡ് ചെയ്യാറില്ലല്ലോ. ഉമാ തോമസ് പറഞ്ഞത് കേരളത്തിലെ സ്ത്രീകളുടെ വികാരമാണ്. അത് പാര്‍ട്ടി ഉള്‍ക്കൊണ്ടിട്ടുണ്ടല്ലോ. ഉമാ തോമസും മഹിളാ കോണ്‍ഗ്രസ് നേതാക്കളും അത് പറഞ്ഞിട്ടുണ്ട്.
പിന്നെ ഇതിന്റെയൊക്കെ വെളിച്ചത്തില്‍, തന്നെ സ്ഥാനാര്‍ത്ഥിയാക്കിയ പാര്‍ട്ടി, ഞങ്ങളോടൊപ്പം ഇനി കൂടണ്ട എന്ന് പറഞ്ഞ സാഹചര്യത്തില്‍ സ്ഥാനം രാജിവെക്കാനുള്ള അവകാശമൊക്കെ രാഹുലിനുണ്ട്.
അത് വേണോ വേണ്ടയോ എന്ന് അദ്ദേഹത്തിന് തീരുമാനിക്കാം. അദ്ദേഹത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കോണ്‍ഗ്രസാണ്, യു.ഡി.എഫാണ്. ആ രണ്ടുപേരും ഞങ്ങളുടെ കൂട്ടത്തില്‍ ഇനി കൂടേണ്ട എന്ന് പറഞ്ഞാല്‍ പിന്നെ കടിച്ചുതൂങ്ങണോ വേണ്ടയോ എന്നത് രാഹുലിന് തീരുമാനിക്കാം.
പാര്‍ട്ടിയുടെ നിലപാട് എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്രയേ ചെയ്യാന്‍ കഴിയുകയുള്ളൂ. കൂടുതല്‍ കാര്യങ്ങള്‍ വന്നാല്‍ അപ്പോള്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം,’ മുരളീധരന്‍ പറഞ്ഞു.
Content Highlight: K Muraleedharan about Rahul Mamkoottathil Suspension