തിരുവനന്തപുരം: യു.ഡി.എഫ് ഭരണം പിടിക്കേണ്ടത് മുസ്‌ലിം സമുദായത്തിന് വേണ്ടിയാകണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. കെ.എം.സി.സി ദുബായ് ഘടകം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ലീഗ് നേതാവിന്റെ വര്‍ഗീയ പരാമര്‍ശം.
‘ഒന്‍പതര വര്‍ഷത്തിനിടയില്‍ എത്ര എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ എത്ര കോഴ്‌സുകള്‍, എത്ര ബാച്ചുകള്‍ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് കിട്ടി. ഭരണം വേണമല്ലോ, പക്ഷേ ഭരിക്കുന്നത് എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടാന്‍ മാത്രമായിരിക്കില്ല. നഷ്ട്ടപ്പെട്ടുപോയ ഒമ്പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനാകണം’ ഷാജി പറഞ്ഞു.
മുമ്പും വര്‍ഗീയ പരാമര്‍ശം നടത്തി ഇദ്ദേഹം വിവാദത്തിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിനായി വര്‍ഗീയ കാര്‍ഡിറക്കിയുള്ള പ്രചാരണത്തില്‍ നിയമനടപടിയും നേരിടുകയുണ്ടായി.
അതേസമയം മന്ത്രിസ്ഥാനത്തുള്ള ഒരു വ്യക്തി ആള്‍ദൈവമായ അമൃതാനന്ദമയിയെ കെട്ടിപ്പിടിക്കുന്നതും ദര്‍ഗയില്‍ പോയി തുണി വിരിക്കുന്നതും ഒരു പോലെ തെറ്റാണെന്ന് ഇന്നലെ കെ.എം ഷാജി പറഞ്ഞിരുന്നു. അമൃതാനന്ദമയിയുടെ ജന്മദിനത്തില്‍ അമൃതപുരിയിലെത്തിയ മന്ത്രി സജി ചെറിയാന്‍ അവരെ ചേര്‍ത്ത് പിടിക്കുകയും ചുംബിക്കുകയും ചെയ്ത സംഭവം വലിയ ചര്‍ച്ചയായിരുന്നു.
ഇതിനെ വിമര്‍ശിക്കുന്നതിനിടെയാണ് കെ.എം ഷാജി ഒരു മന്ത്രി ആള്‍ദൈവത്തെ കെട്ടിപ്പിടിക്കുന്നതും ദര്‍ഗയില്‍ പോയി തുണി വിരിക്കുന്നതും തെറ്റാണെന്ന് പറഞ്ഞത്. ആഗോള അയ്യപ്പ സംഗമത്തില്‍ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതിനെയും കെ.എം ഷാജി വിമര്‍ശിച്ചിരുന്നു. വനിത മതില്‍ സംഘടിപ്പിച്ച സി.പി.ഐ.എം തന്നെ അയ്യപ്പ സംഗമം നടത്തിയതിനെയും കെ.എം ഷാജി ചോദ്യം ചെയ്തു.
Content highlight: K.M. Shaji says Governance should be for the Muslim community