| Monday, 12th May 2025, 8:31 am

സർവീസ് ചട്ടങ്ങൾ പാലിച്ചില്ല; ദിവ്യ എസ്. അയ്യർക്കെതിരെ പരാതി നൽകി കെ. എം. ഷാജഹാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് സെക്രട്ടറിയും വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി എം. ഡിയുമായ ദിവ്യ എസ്. അയ്യർക്കെതിരെ പരാതി നൽകി വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാൻ. ദിവ്യ തിരുവനന്തപുരം സബ് കലക്ടറായിരിക്കെ വർക്കലയിലെ സർക്കാർ ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചു നൽകിയെന്നാണ് പരാതിയിൽ കെ. എം. ഷാജഹാൻ പറയുന്നത്. വിജിലൻസിനും കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിനുമാണ് പരാതി നൽകിയിരിക്കുന്നത്.

വർക്കല അയിരൂർ വില്ലേജിൽ സ്വകാര്യവ്യക്തി കൈവശം വെച്ചിരുന്ന 27 സെന്റ് ഭൂമി സർക്കാർ ഭൂമിയാണെന്നും അതിന്മേൽ നടപടിയെടുക്കാനുള്ള കോടതി ഉത്തരവ് ദിവ്യ എസ്. അയ്യർ ദുരുപയോഗം ചെയ്‌തെന്നുമാണ് കെ. എം. ഷാജഹാൻ പരാതിപ്പെടുന്നത്.

വർക്കല അയിരൂർ വില്ലേജിൽ സ്വകാര്യവ്യക്തി കൈവശം വെച്ചിരുന്ന 27 സെന്റ് ഭൂമി റോഡ് പുറമ്പോക്കാണെന്ന് കണ്ടെത്തി വർക്കല തഹസിൽദാർ ഏറ്റെടുത്തിരുന്നു. ഇതിനെതിരെ ആ വ്യക്തി ഹൈക്കോടതിയെ സമീപിച്ചു. പിന്നാലെ തീരുമാനമെടുക്കാൻ സബ് കലക്ട‌റെ ചുമതലപ്പെടുത്തി ഹൈക്കോടതി വിധി വന്നു. പരാതിക്കാരൻ്റെ വാദം കേട്ട ദിവ്യ, തഹസിൽദാരുടെ നടപടി റദ്ദാക്കി സ്വകാര്യ വ്യക്തിക്ക് ഭൂമി കൈമാറാൻ നിർദേശിക്കുകയായിരുന്നുവെന്ന് കെ. എം. ഷാജഹാൻ പറയുന്നു.

ഐ.എ.എസ് ഉദ്യോഗസ്ഥർക്കുള്ള മാർഗനിർദേശങ്ങൾ ദിവ്യ പതിവായി ലംഘിക്കുന്നുവെന്ന് അദ്ദേഹം പേഴ്സണൽ മന്ത്രാലയത്തിന് നൽകിയ പരാതിയിൽ പറയുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിലും ദിവ്യ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു.

അതേസമയം സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ. കെ. രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുളള ദിവ്യയുടെ പോസ്റ്റിന് പിന്നാലെ ഏപ്രിലിൽ യൂത്ത് കോണ്‍ഗ്രസ് ദിവ്യക്കെതിരെ പരാതി നൽകിയിരുന്നു. ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ക്കുമാണ് പരാതി നല്‍കിയത്.

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട 1968ലെ പെരുമാറ്റ ചട്ടത്തിലെ ചട്ടത്തിന് എതിരായാണ് ദിവ്യ പ്രവര്‍ത്തിച്ചതെന്നും അത് രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരായിട്ടുളളതാണെന്നും പരാതിയില്‍ പറയുന്നു. ദിവ്യ എസ്. അയ്യര്‍ വാക്കുകൊണ്ട് ഷൂ ലൈസ് കെട്ടിക്കൊടുക്കുകയാണെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുളള പ്രീണനമാണ് ദിവ്യ നടത്തിയതെന്നും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ പറഞ്ഞു. നീതി കിട്ടും വരെ നിയമപോരാട്ടം തുടരുമെന്നും വിജില്‍ വ്യക്തമാക്കിയിരുന്നു.

Content Highlight:  K. M. Shahjahan files complaint against Divya S. Iyer for giving away government land to a private individual

We use cookies to give you the best possible experience. Learn more