| Tuesday, 14th July 2026, 8:39 pm

ദ്രാവിഡിന്റെ 'പിന്‍ഗാമി'; നാണക്കേടിന്റെ നേട്ടത്തില്‍ രാഹുല്‍ ഇനി രണ്ടാമന്‍!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. എഡ്ജ്ബാസറ്റണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ ബാറ്റിങ് അവസാനിച്ചപ്പോള്‍ 258 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇംഗ്ലണ്ട്. നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സാണ് ഇന്ത്യ നേടിയത്. 21 പന്തില്‍ 11 റണ്‍സ് നേടിയ രോഹിത് ശര്‍മയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടിരിക്കുന്നത്.

മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുല്‍ ഒരു അനാവശ്യ റെക്കോഡിന്റെയും ഭാഗമായിരിക്കുകയാണ്. മത്സരത്തിനിടെ രാഹുല്‍ 12 ബൈ റണ്‍സാണ് വഴങ്ങിയത്. ഇതോടെ ഒരു ഏകദിന ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ബൈസ് വഴങ്ങിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ അദ്ദേഹം രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായ രാഹുല്‍ ദ്രാവിഡാണ്. 2003ല്‍ ഡര്‍ബനില്‍ കെനിയക്കെതിരായ ഏകദിന മത്സരത്തില്‍ ദ്രാവിഡ് 16 ബൈസ് വഴങ്ങിയിരുന്നു.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം അക്‌സര്‍ പട്ടേലാണ്. 9.5 ഓവറില്‍ നിന്ന് 62 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. 6.31 എന്ന എക്കോണമിയിലാണ് താരം ബാറ്റ് ചെയ്തത്. ലിയാം ഡോസണ്‍ (68), ജോഫ്ര ആര്‍ച്ചര്‍ (12), ആദില്‍ റഷീദ് (1), ജോഷ് ടങ് (0) എന്നിവരെയാണ് താരം പുറത്താക്കിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും അക്‌സര്‍ പട്ടേലിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായാണ് താരം ഏകദിനത്തില്‍ ഫോര്‍ഫര്‍ നേടുന്നത്. ഇംഗ്ലണ്ടിനെതിരെ തന്റെ കരിയറിലെ മികച്ച ബൗളിങ് പ്രകടനം കുറിക്കാനും താരത്തിന് സാധിച്ചു.

അക്‌സര്‍ പട്ടേലിന് പുറമെ പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളാണ് നേടിയത്. ജസ്പ്രീത് ബുംറയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അതേസമയം ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് ജോ റൂട്ടാണ്. പുറത്താകാതെ 76 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 76 റണ്‍സാണ് താരം നേടിയത്. ബെന്‍ ഡക്കറ്റ് 43 റണ്‍സ് നേടി. മറ്റാര്‍ക്കും ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

Content Highlight: K.L Rahul In Unwanted Record Achievement In ODI After Rahul Dravid

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more