| Saturday, 3rd October 2026, 7:44 pm

രാഹുലിന്റെ താണ്ഡവത്തില്‍ പിറന്നത് 10,000ന്റെ റെക്കോഡ്; സെഞ്ച്വറിക്ക് പുറമെ കിടിലന്‍ നേട്ടം!

ശ്രീരാഗ് പാറക്കല്‍

വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് കെ.എല്‍. രാഹുലും രോഹിത് ശര്‍മയുമാണ്. മധ്യനിരയില്‍ നിന്ന് 87 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 129 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. നേരിട്ട 80ാം പന്തിലായിരുന്നു രാഹുല്‍ തന്റെ ഒമ്പതാം ഏകദിന സെഞ്ച്വറി നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും രാഹുലിന് സാധിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. ഏകദിനത്തില്‍ 101 മത്സരങ്ങളിലെ 91 മത്സരങ്ങളില്‍ നിന്ന് 3541 റണ്‍സാണ് താരം നേടിയത്. ടെസ്റ്റില്‍ 70 മത്സരങ്ങളിലെ 122 ഇന്നിങ്‌സില്‍ നിന്ന് 4288 റണ്‍സും ടി-20യില്‍ 72 മത്സരങ്ങളിലെ 68 ഇന്നിങ്‌സില്‍ നിന്ന് 2265 റണ്‍സും രാഹുല്‍ സ്വന്തമാക്കി.

അതേസമയം മത്സരത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ബാറ്റിങ്ങിന് അടിത്തറ പാകിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (ഒരു റണ്‍സ്) വിരാട് കോഹ്‌ലിയും (പൂജ്യം) പെട്ടന്ന് തന്നെ കൂടാരം കയറിയപ്പോള്‍ ക്രീസില്‍ പിടിച്ചുനിന്നാണ് രോഹിത് സ്‌കോര്‍ ഉയര്‍ത്തിയത്. 85 പന്തില്‍ നിന്ന് 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 92 റണ്‍സാണ് താരം നേടിയത്. ഋതുരാജ് ഗെയ്ക്വാദ് 96 പന്തില്‍ നിന്ന് 57 റണ്‍സ് നേടി. നമന്‍ ദിര്‍ 30 റണ്‍സും നേടിയിരുന്നു.

വിന്‍ഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി ജെയ്ഡന്‍ സീല്‍സ് മിന്നും പ്രകടനം നടത്തി. കീമോ പോള്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഗുടകേഷ് മോട്ടി ഒരു വിക്കറ്റും നേടി. ഇന്ത്യന്‍ താരം അന്‍ഷുല്‍ കാംബോംജ് (17) റണ്‍ഔട്ടില്‍ കുരുങ്ങിയിരുന്നു.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഏഴ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് ക്യാപ്റ്റന്‍ ഷായി ഹോപ്പും (40) അമീര്‍ ജാന്‍ഗോയുമാണ് (24). വിന്‍ഡീസ് ഓപ്പണര്‍ ജോണ്‍ കാംബെല്ലിനെ പുറത്താക്കി മുഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്.

Content Highlight: K.L Rahul Complete 10000 International Runs

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more