വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ശുഭ്മന്‍ ഗില്ലും സംഘവും സ്വന്തമാക്കിയത്.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 406 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും കരുത്തില്‍ ഇന്ത്യ 39 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും രോഹിത് ശര്‍മയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 75 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സുമായി രോഹിത് ശര്‍മ പുറത്താകുകയായിരുന്നു.
പിന്നീട് ടീമിനെ മുന്നോട്ട് കൊണ്ടുപോയത് ഗില്ലായിരുന്നു. കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയുമായാണ് ഗില്‍ തിളങ്ങിത്. 133 പന്തില്‍ നിന്നും പുറത്താകാതെ 223 റണ്‍സുമായാണ് ഗില്‍ കരുത്തുകാട്ടി. 26 ഫോറും എട്ട് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയില്ലെങ്കിലും കെ.എല്‍. രാഹുലും ഒരു സ്‌പെഷ്യല്‍ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ഏകദിന ക്രിക്കറ്റില്‍ 100ാം മത്സരത്തിനാണ് താരം കളത്തിലിറങ്ങിയത്. ഫോര്‍മാറ്റില്‍ 100 മത്സരത്തിലെ 90 ഇന്നിങ്‌സില്‍ നിന്ന് 3412 റണ്‍സാണ് താരം നേടിയത്. 112* റണ്‍സിന്റ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെയാണ് താരത്തിന്റെ റണ്‍വേട്ട.49.5 എന്ന ആവറേജും 91.01 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. എട്ട് സെഞ്ച്വറിയും 20 അര്‍ധ സെഞ്ച്വറിയുമാണ് താരം നേടിയത്.
മത്സരത്തില്‍ ഗില്ലിന് പുറമെ വിരാട് 19 പന്തില്‍ 29 റണ്‍സ് നേടിയപ്പോള്‍, ഋതുരാജ് ഗെയ്ക്വാദ് 37 പന്തില്‍ 31 റണ്‍സ് നേടിയും പുറത്താകാതെ നിന്നു.
ഈ വിജയത്തോടെ മൂന്ന് പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ മൂന്നിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.
Content Highlight: K.L Rahul Complete 100 ODI Match For India