| Sunday, 15th February 2026, 3:15 pm

'രാഹുലിന്റെയും പടിക്കലിന്റെയും ബാറ്റിന് തീ പിടിച്ചു'; രഞ്ജി ട്രോഫി സെമിയില്‍ കര്‍ണാടകയുടെ കുതിപ്പ്!

ശ്രീരാഗ് പാറക്കല്‍

രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരത്തില്‍ കര്‍ണാടകയും ഉത്തരാഖണ്ഡും തമ്മില്‍ ഏറ്റുമുട്ടുകയാണ്. എകാനാ ക്രിക്കറ്റ് സ്റ്റേഡിയം ബി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഉത്തരാഖണ്ഡ് കര്‍ണാടകയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുന്ന കര്‍ണാടക ഒരു വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് നേടിയത്. ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെയും ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കലിന്റെയും സെഞ്ച്വറി കരുത്തിലാണ് കര്‍ണാടക സ്‌കോര്‍ ഉയര്‍ത്തുന്നത്.

നിലവില്‍ 60 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 173 പന്തില്‍ നിന്ന് 122 റണ്‍സാണ് രാഹുല്‍ നേടിയത്. 159 പന്തില്‍ നിന്ന് 110 റണ്‍സുമായി പടിക്കലും നിലയുറപ്പിച്ചു. രാഹുലിന്റെ ബാക് ടു ബാക് സെഞ്ച്വറിയാണിത്. മുംബൈക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ 130 റണ്‍സ് നേടിയിരുന്നു. ഇത് താരത്തിന്റെ 25ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ്. നിര്‍ണായകമായ സെമി ഫൈനലിലും സെഞ്ച്വറിയടിച്ച് ഒരിക്കല്‍ കൂടി രാഹുല്‍ തന്റെ ക്ലാസ് കാണിച്ച് തന്നിരിക്കുകയാണ്.

അതേസമയം സൂപ്പര്‍ ഫോം നിലനിര്‍ത്തിക്കൊണ്ടാണ് പടിക്കല്‍ മുന്നോട്ട് നീങ്ങുന്നത്. ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായി പഞ്ചാബിനെതിരായ നിര്‍ണായക മത്സരത്തില്‍ സെഞ്ച്വറി നേടി പടിക്കല്‍ സെമിയിലും കുതിപ്പ് തുടരുകയാണ്.

അതേസമയം തുടക്കത്തില്‍ തന്നെ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ അഞ്ച് റണ്‍സിന് കര്‍ണാടകയ്ക്ക് നഷ്ടമായി. ആദിത്യ റാവത്തിന്റെ പന്തിലാണ് താരം മടങ്ങിയത്. സീസണിലുടനീളം മികച്ച പ്രകടനമാണ് പടിക്കല്‍ കാഴ്ചവെച്ചത്.

തങ്ങളുടെ ഒമ്പതാം കിരീടം ലക്ഷ്യം വെച്ചാണ് കര്‍ണാടക മുന്നേറുന്നത്. അതിനാല്‍ തന്നെ നിര്‍ണായക മത്സരത്തില്‍ ടീമിനെ വലിയ സ്‌കോറിലേക്ക് എത്തിക്കാന്‍ രാഹുലിനും പടിക്കലിനും സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

അതേസമയം മറ്റൊരു സെമി ഫൈനലില്‍ ബംഗാള്‍ ജമ്മു കശ്മീരിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

Content Highlight: K.L Rahul And Devdutt Padikkal In Century In Ranji Trophy Semi Final

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more