| Wednesday, 3rd September 2025, 4:32 pm

ബി.ആര്‍.എസില്‍ നിന്നും രാജിവെച്ച് കെ. കവിത; എം.എല്‍.സി സ്ഥാനവും ഒഴിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരബാദ് : സസ്‌പെന്‍ഷന് പിന്നാലെ ബി.ആര്‍.എസില്‍ നിന്നും രാജിവെച്ച് കെ. കവിത. പിതാവ് കെ. ചന്ദ്രശേഖര റാവുവുമായുള്ള ദീര്‍ഘകാല തര്‍ക്കത്തിന് പിന്നാലെയാണ് കവിതയുടെ രാജി. എം.എല്‍.സി സ്ഥാനവും കവിത രാജി വെച്ചു.

ബി.ആര്‍.എസില്‍ ചിലര്‍ തന്നെ വേട്ടയാടിയെന്നും നീതി ലഭിച്ചില്ലെന്നും കവിത പറഞ്ഞു. താന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും ആരൊക്കെയാണ് പാര്‍ട്ടിയുടെ ശത്രുക്കളെന്ന് കാട്ടിത്തരാനായിരുന്നു താന്‍ ശ്രമിച്ചതെന്നും കവിത പറഞ്ഞു.

താന്‍ എന്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തിയതെന്നും അത് മുതിര്‍ന്ന നേതാക്കള്‍ വിശദീകരിക്കണമെന്ന് കവിത പറഞ്ഞു.

പിന്നോക്ക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളൊക്കെ പാര്‍ട്ടിക്ക് വേണ്ടി ആണെന്നും, അത് താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ വേണ്ടിയാണ് ചെയ്തതെന്ന രൂപത്തിലേക്ക് കൊണ്ടുവരാനാണ് മുതിര്‍ന്ന നേതാക്കള്‍ ശ്രമിച്ചതെന്നും കവിത പറഞ്ഞു.

ഹരീഷ് റാവുവിനെ ടാര്‍ഗറ്റ് ചെയ്തായിരുന്നു കവിതയുടെ വാര്‍ത്താസമ്മേളനം , ഹരീഷ് റാവു ഇപ്പോഴും ഒരു ട്രബിള്‍ ഷൂട്ടര്‍ ആണെന്നും പക്ഷേ അദ്ദേഹം ഡബിള്‍ ഷൂട്ടര്‍ ആണെന്നും കവിത പറഞ്ഞു. പലപ്പോഴും ബി.ജെ.പിയുമായും കോണ്‍ഗ്രസ്സുമായും ഹരീഷ് റാവു കൈ കോര്‍ത്ത് ബി.ആര്‍.എസിനെ തകര്‍ക്കാനാണ് ശ്രമിച്ചതെന്നും ഇന്ന് താനാണെങ്കില്‍ നാളെ കെ.സി.ആറും കെ.ടി.ആറും ഒക്കെയാവും ലക്ഷ്യമെന്നും കവിത പറഞ്ഞു.

ഹരീഷ് റാവുവും സന്തോഷ് കുമാറും ‘നിങ്ങള്‍ക്ക് ദോഷം ചെയ്യുന്നവരാണെന്ന്’ പിതാവിനും സഹോദരനും കവിത മുന്നറിയിപ്പ് നല്‍കി. ഇവരെ ഒഴിവാക്കിയാല്‍ മാത്രമേ പാര്‍ട്ടിക്ക് അതിജീവിക്കാന്‍ കഴിയൂ എന്നും, ‘ഈ ഗൂഢാലോചനകള്‍ക്ക് ബലിയാടുകളാകരുതെന്നും’ കെ.സി.ആറിനോട് അവര്‍ അഭ്യര്‍ത്ഥിച്ചു.

ഹരീഷ് റാവുവിനും മുന്‍ എം.പി ജെ. സന്തോഷ് കുമാറിനും എതിരെ പരസ്യമായി ഗൂഢാലോചന ആരോപിച്ചതിന് പിന്നാലെ ചൊവ്വാഴ്ചയാണ് ബി.ആര്‍.എസ് കവിതയെ സസ്‌പെന്‍ഡ് ചെയ്തത്.

കവിതയുടെ പ്രവര്‍ത്തികള്‍ പാര്‍ട്ടിയുടെ നയങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരാണെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിലായി പാര്‍ട്ടിയിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് ശേഷമാണ് കവിതയുടെ സസ്‌പെന്‍ഷനും രാജി തീരുമാനവും വരുന്നത്.

പിതാവിനയച്ച കത്ത് പുറത്തായതിനെതിരെ താന്‍ ഒരു പരാതി നല്‍കിയിരുന്നെന്നും നൂറുദിവസം കഴിഞ്ഞിട്ടും ഇതിന് ഒരു മറുപടിയും ലഭിച്ചില്ലെന്നും അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ് ഒരു പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കുകയെന്നും കവിത ചോദിച്ചു.

Content Highlght: K. Kavitha resigns from BRS; also vacates MLC post

We use cookies to give you the best possible experience. Learn more