ഹൈദരാബാദ്: തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബി.ആര്‍.എസ് മേധാവിയുമായ കെ. ചന്ദ്രശേഖരറാവുവിന് എം.എല്‍.സിയും മകളുമായ കെ. കവിത എഴുതിയ കത്ത് ചര്‍ച്ചയാകുന്നു. കെ.സി.ആര്‍ ഒരു ദൈവമാണെന്നും എന്നാല്‍ അദ്ദേഹത്തിന് ചുറ്റും പിശാചുക്കളാണെന്നും കെ. കവിത കത്തില്‍ പറയുന്നു. കെ.സി.ആറിന് അയച്ച ആറ് പേജുകളുള്ള കത്തിലാണ് കവിതയുടെ പരാമര്‍ശം.
ബി.ജെ.പിയെ കെ.സി.ആര്‍ എതിര്‍ക്കേണ്ടതായിരുന്നുവെന്നും കത്തില്‍ കവിത പറയുന്നുണ്ട്. പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി യോഗത്തില്‍ ബി.ജെ.പിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതിന് വിമര്‍ശിച്ചുകൊണ്ടായിരുന്നു കവിതയുടെ കത്ത്.
‘താങ്കള്‍ വെറും രണ്ട് മിനിറ്റ് സംസാരിച്ചപ്പോള്‍ തന്നെ, കെ.സി.ആര്‍ ഭാവിയില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാകുമെന്ന് ചിലര്‍ ഊഹിക്കാന്‍ തുടങ്ങി. ബി.ജെ.പിക്കെതിരെ നിങ്ങള്‍ ശക്തമായി സംസാരിക്കേണ്ടിയിരുന്നുവെന്ന് എനിക്ക് പോലും തോന്നി. ബി.ജെ.പി മൂലം ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ കൊണ്ടായിരിക്കാം അത്. പക്ഷേ, അച്ഛാ…. നിങ്ങള്‍ ബി.ജെ.പിയെ കുറച്ചുകൂടി ലക്ഷ്യം വെക്കണമായിരുന്നു.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് 42 ശതമാനം സംവരണം, പട്ടികജാതി വിഭാഗ വര്‍ഗീകരണം, വഖഫ് ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളില്‍ കെ.സി.ആര്‍ പുലര്‍ത്തിയ മൗനത്തിലും കവിത വിമര്‍ശനമുയര്‍ത്തി.
രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് താഴെത്തട്ടിലുള്ള പിന്തുണ നഷ്ടപ്പെട്ടുവെന്നും ചില ബി.ആര്‍.എസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ ബി.ജെ.പിയെ ഒരു പ്രായോഗിക ബദലായി കാണുന്നുണ്ടെന്നും കവിത കത്തില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ എം.എല്‍.സി തെരഞ്ഞെടുപ്പില്‍ നിന്ന് പാര്‍ട്ടി വിട്ടുനിന്നതോടെ ബി.ആര്‍.എസ് പ്രവര്‍ത്തകര്‍ ബി.ജെ.പിയെ ശക്തമായ ഒരു ബദല്‍ മാര്‍ഗമായി കാണാന്‍ തുടങ്ങിയെന്നും കത്തില്‍ പറയുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏപ്രില്‍ 27ന് വാറങ്കലില്‍ നടന്ന ബി.ആര്‍.എസ് സില്‍വര്‍ ജൂബിലി യോഗത്തിന് പിന്നാലെയാണ് കവിത കെ.സി.ആറിന് കത്തെഴുതിയിരിക്കുന്നത്. തെലുങ്കിലും ഇംഗ്ലീഷിലുമായാണ് കത്ത്.
സംഭവം ചര്‍ച്ചയായതോടെ താന്‍ ഇതിനുമുമ്പും നേതൃത്വത്തിന് കത്തെഴുതിയിട്ടുണ്ടെന്നും ഈ കത്ത് മാത്രം എങ്ങനെയാണ് പുറത്തുവന്നതെന്നും കവിത ചോദ്യമുയര്‍ത്തി.
കത്ത് ചോര്‍ന്നതില്‍ ചര്‍ച്ച വേണമെന്നും കവിത ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു കവിതയുടെ പ്രതികരണം. തനിക്ക് ആരോടും വ്യക്തിപരമായ വിദ്വേഷമില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ഗൂഢാലോചനകളെ കുറിച്ചാണ് സൂചന നല്‍കിയതെന്നും കവിത പറഞ്ഞു.
അതേസമയം കവിതയെഴുതിയ കത്തുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കെ.സി.ആര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlight: K. Kavita’s letter to KCR sparks controversy