മലയാള സിനിമയിലെ പ്രമുഖനായ സംഗീതസംവിധായകനാണ് ഔസേപ്പച്ചന്‍. നിരവധി മലയാള ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന അദ്ദേഹത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. താന്‍ ചെയ്ത എല്ലാ പാട്ടുകളും തനിക്ക് ഇഷ്ടമാണെന്ന് പറയുകയാണിപ്പോള്‍ ഔസേപ്പച്ചന്‍.
‘ഞാന്‍ ചെയ്ത എല്ലാ പാട്ടുകളും എനിക്ക് പ്രിയപ്പെട്ടതാണ്. ഓരോ പാട്ടുകളോടും ആദ്യത്തെ കുഞ്ഞിനോടെന്നപോലെ സ്‌നേഹം തോന്നാറുണ്ട്. പാട്ട് കമ്പോസിങ് വേളയില്‍ പലതരം ചിന്തകളിലൂടെ മനസ് അലയും. കാലം ചെല്ലുമ്പോള്‍ പ്രവൃത്തി പരിചയത്താല്‍ ഒരു ചെറുവിരലുകൊണ്ട് ചെയ്യാന്‍ പറ്റുന്നവിധത്തില്‍ എളുപ്പത്തില്‍ ഈണം ചിട്ടപ്പെടുത്തിയാല്‍ മതിയെന്ന് ചിലര്‍ പറയാറുണ്ട്. പക്ഷേ, എനിക്കങ്ങനെ പറ്റില്ല. ആയിരം പാട്ട് ചെയ്താലും ആയിരത്തിഒന്നാമത്തത് ആദ്യ പാട്ട് പോലെതന്നെയാണ് തോന്നാറുള്ളത്’ ഔസേപ്പച്ചന്‍ പറഞ്ഞു.
നൂറുശതമാനം ആത്മാര്‍ഥതയോടെയും പെര്‍ഫെക്ഷനോടെയും കൂടി ചെയ്യാനാണ് താന്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായി പാട്ട് തന്റെ ശരീരത്തിന്റെ ഭാഗമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പാട്ട് കമ്പോസ് കഴിഞ്ഞ് റെക്കോഡിങ്ങും റിലീസും കഴിഞ്ഞാല്‍ പിന്നെ താന്‍ ആ പാട്ടിനെക്കുറിച്ച് ഓര്‍ക്കില്ലെന്നും വല്ലപ്പോഴും ആളുകള്‍ ആ പാട്ടിനെക്കുറിച്ച് പറയുമ്പോള്‍ മാത്രമാണ് ഓര്‍ക്കുകയെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. പാട്ടുണ്ടാക്കിയശേഷം ആ പാട്ടിനെ അയവിറക്കാന്‍ നില്‍ക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യേശുദാസിന് ഉള്ളടക്കത്തിലെ പാട്ട് വളരെ ഇഷ്ടമാണെന്നും അത് അദ്ദേഹം എപ്പോഴും പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ ദാസേട്ടന്‍ എപ്പോഴും ‘നിന്റെ കമ്പോസിങ്ങിലെ ഏറ്റവും നല്ല പാട്ടുകളിലൊന്നാണ് പാതിരാമഴ’ എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. അങ്ങനെ ഓരോരുത്തര്‍ക്കും ഓരോ പാട്ടുകളോടാവും താത്പര്യം’ അദ്ദേഹം പറഞ്ഞു.
തനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള പാട്ടുകള്‍ വേറേയുമുണ്ടെന്നും ചില പാട്ടുകള്‍ കമ്പോസ് ചെയ്യുമ്പോള്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ സിനിമ പരാജയപ്പെടുമ്പോള്‍ പാട്ടും അക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും അത്തരത്തില്‍ പാട്ട് ഇറങ്ങിയപ്പോള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയും പിന്നീട് ആളുകള്‍ ശ്രദ്ധിക്കുകയും പാടിനടക്കുകയും ചെയ്ത പാട്ടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: K.J Yesudaslikes that song of mine, he always tells me says Ouseppachan