| Sunday, 18th May 2025, 3:40 pm

മാ നിഷാദ... അത്രയൊക്കെയേ ഒരു കവിയ്ക്കും ആദികവിയ്ക്കും പറയാനുള്ളൂ; കൈതപ്രത്തിന്റെ വരികള്‍ പങ്കുവെച്ച് കെ.ജെ. ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൈതപ്രത്തിന്റെ വരികള്‍ പങ്കുവെച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ്. വാത്സല്യം സിനിമയിലെ ‘അലയും കാറ്റിന്‍ ഹൃദയം’ എന്ന ഗാനത്തിലെ വരികളാണ് കെ.ജെ. ജേക്കബ് പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട രാത്രിയിലാണ് താന്‍ ഈ പാട്ട് എഴുതിയതെന്നും ബാബരിക്ക് നേരെയുണ്ടായ ആക്രമണം രാമന് പോലും സഹിക്കാന്‍ പറ്റില്ലെന്ന് തോന്നിയെന്നും കൈതപ്രം പറഞ്ഞിരുന്നു.

‘രാമായണം കേള്‍ക്കാതെയായ്… പൊന്‍മൈനകള്‍ മിണ്ടാതെയായ്’ എന്ന വരികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കൈതപ്രത്തിന്റെ പ്രതികരണം. തുടര്‍ന്ന് നിരവധി ആളുകള്‍ കൈതപ്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ചിരുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിലവില്‍ ഇതേ വരികള്‍ പങ്കുവെച്ചാണ് കെ.ജെ. ജേക്കബും പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കെ.ജെ. ജേക്കബ് പ്രതികരിച്ചത്.

ആകാശങ്ങളിലേക്ക് ഭൂമിയുടെ പ്രാര്‍ത്ഥനയെന്നപോലെ കൈയുയര്‍ത്തി നിന്ന ആ മിനാരങ്ങള്‍ ‘മര്യാദ പുരുഷോത്തമ’ന്റെ പേരില്‍ അക്രമികള്‍ ഇടിച്ചുനിരത്തുകയും അതിന്റെ ധൂളികള്‍ക്കുമേല്‍ ഉന്മാദനൃത്തം ചെയ്യുകയും ദിക്കുകളെ ഭയപ്പെടുത്തും വിധം വിജയഭേരി മുഴക്കുകയും ചെയ്ത നാളില്‍ത്തന്നെ ആയിരക്കണക്കിന് നാഴികയകലെ നിന്നൊരു മനുഷ്യന്‍, കവി, വിലപിക്കുകയാണെന്ന് കൈതപ്രത്തിന്റെ വരികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് കെ.ജെ. ജേക്കബ് പറഞ്ഞു.

മാ നിഷാദ…. അത്രേയൊക്കെയേ ഒരു കവിയ്ക്കും ആദികവിയ്ക്കും പറയാനുള്ളൂവെന്നും കെ.ജെ. ജേക്കബ് കുറിച്ചു. അയാള്‍ ഒരു വേള ദശരഥരാമന്റെ പൂജാരിയായിരുന്നാലും ഇത് തന്നെയാണ് പറയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതൊക്കെയാണ് ഇന്ത്യ എന്ന ആശയമെന്നും കെ.ജെ. ജേക്കബ് ചൂണ്ടിക്കാട്ടി.

‘രാമായണം കേള്‍ക്കാതെയായ്
പൊന്‍മൈനകള്‍ മിണ്ടാതെയായ്
വൈദേഹി പോകയായി
വനവാസ കാലമായി
രാമരാജധാനി വീണ്ടും ശൂന്യമായ്
വിമൂകയായ് സരയൂനദി
രാക്ഷസകൂട്ടത്തിന്റെ ഘോഷങ്ങള്‍ക്കിടയിലും രാഘവന്റെ രാജധാനി വിജനമാണ്… അവരുടെ ആര്‍പ്പുവിളികള്‍ക്കിടയിലും സരയൂ വിമൂകമാണ്,’ കെ.ജെ. ജേക്കബ് പങ്കുവെച്ച വരികള്‍.

അതേസമയം സോഷ്യല്‍ മീഡിയയില്‍ കൈതപ്രത്തെ വിമര്‍ശിച്ചുകൊണ്ട് സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രം പൊളിച്ച് പള്ളി ഉണ്ടാക്കിയതിനെ കുറിച്ച് കഴുതപ്പുറം ഒന്നും പറഞ്ഞില്ല, ബംഗ്ലാദേശില്‍ ഹിന്ദുക്കളെ കൊലചെയ്തപ്പോള്‍ കൈതപ്രം എവിടെ ആയിരുന്നു, ബാബറിനെ നിങ്ങള്‍ക്ക് അത്രയ്ക്കും ഇഷ്ടമാണോ, അപ്പോള്‍ നിങ്ങളും മോഹന്‍ലാലും എല്ലാം ഒരു ടീമാണല്ലേ തുടങ്ങിയ കമന്റുകളിലൂടെ സംഘപരിവാര്‍ അനുകൂലികള്‍ കൈതപ്രത്തെ അധിക്ഷേപിക്കുകയാണ്.

എന്നാല്‍ ബാബരി മസ്ജിദ് തകര്‍പ്പെട്ട് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അക്കര്യത്തില്‍ വിഷമിക്കുന്നുണ്ടെങ്കില്‍ താങ്കളൊരു മനുഷ്യനാണെന്നും കൈതപ്രത്തെ കുറിച്ച് ചിലര്‍ പറയുന്നു.

Content Highlight: K.J. Jacob shares Kaithapram’s lyrics and react

Latest Stories

We use cookies to give you the best possible experience. Learn more