| Sunday, 2nd November 2025, 8:57 pm

ഷാനിമോൾ ഉസ്മാനെ അടുത്തുനിർത്തി 'കേരളത്തില്‍ ആണ്‍കുട്ടികളുടെ, യു.ഡി.എഫ് സര്‍ക്കാര്‍ വരും' എന്ന് കെ.സി. വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ‘കേരളത്തില്‍ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരും’ എന്ന പരാമര്‍ശവുമായി കോണ്‍ഗ്രസ് എം.പിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഭരണത്തിലേറുമെന്ന് അറിയാവുന്നതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രഖ്യാപനങ്ങള്‍ കൊണ്ട് മാറുന്നതല്ല ദാരിദ്ര്യം. ദാരിദ്ര്യം ഇല്ലാതാക്കാനുള്ള നടപടികളാണ് വേണ്ടത്. കാലാകാലങ്ങളായി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അതിനുള്ള നടപടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തില്‍ നടന്നിരിക്കുന്നത് വലിയ തട്ടിപ്പാണ്. തട്ടിപ്പ് എന്ന് മാത്രമല്ല, പാവങ്ങള്‍ക്ക് എതിരാവാന്‍ സാധ്യതയുള്ള ഒരു പ്രഖ്യാപനം കൂടിയാണിത്. അതിദരിദ്രരായിട്ടുള്ളവര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സഹായം ഇല്ലാതാക്കാനുള്ള നീക്കമാണ് നടന്നിരിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു ശാസ്ത്രീയ നടപടികളും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് മാറ്റുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ ഉണ്ടായില്ലെന്നും കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു പി.ആര്‍ ഏജന്‍സിയുടെ നിര്‍ദേശാനുസരണം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയാല്‍ ദാരിദ്ര്യം ഇല്ലാതാകുന്നില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

‘2021ലെ പ്രകടനപത്രികയില്‍ പറഞ്ഞ ക്ഷേമപെന്‍ഷന്‍ സംബന്ധിച്ച വാഗ്ദാനങ്ങള്‍ അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പിലാക്കാത്ത സര്‍ക്കാര്‍, തെരഞ്ഞെടുപ്പിന് മൂന്ന് മാസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. അവര്‍ക്കറിയാം അടുത്ത തവണ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍, യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന്. യു.ഡി.എഫ് സര്‍ക്കാര്‍ ഇതെല്ലാം നടപ്പിലാക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് അവര്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങള്‍. ഇതിലൊന്നും കേരളത്തിലെ ജനങ്ങള്‍ വീഴില്ല,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.

എസ്.ഐ.ആറില്‍ കേരള സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമേയങ്ങളും പ്രഖ്യാപനങ്ങളും വരുന്നുണ്ട്. എന്നാല്‍ നിയമനടപടി സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ എസ്.ഐ.ആര്‍ ഫലപ്രദമായി നടത്താന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും എസ്.ഐ.ആറിനെ എതിര്‍ക്കുന്നില്ലെങ്കില്‍ അതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. വോട്ടര്‍പട്ടികയിലെ തീവ്രപരിഷ്‌കരണത്തിനെതിരെ യു.ഡി.എഫും കോണ്‍ഗ്രസും ശക്തമായ പ്രതിഷേധങ്ങള്‍ നടത്തുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

Content Highlight: K.C. Venugopal says ‘A government of boys will come in Kerala’

We use cookies to give you the best possible experience. Learn more