| Thursday, 30th October 2025, 11:29 am

അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം ഒപ്പുവെച്ചാൽ അതിൽ നിന്നും പിന്മാറാൻ കഴിയില്ലെന്ന്: കെ.സി വേണുഗോപാൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി. എം ശ്രീ പദ്ധതി മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തയക്കുമെന്ന സി.പി.ഐ.എമ്മിന്റെ തീരുമാനത്തിൽ പ്രതികരിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പി. എം ശ്രീ പദ്ധതിയിൽ സംഭവിച്ചതെന്താണെന്നും ഈ പ്രഖ്യാപനങ്ങൾ ആരെ സംതൃപ്തരാക്കാനാണെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയിലെ പ്രശ്നം നിലനിൽക്കുമ്പോഴും ദേവന്റെ സ്വത്ത് കളവ് പോയതിന്റെ ജാള്യത മറക്കാൻ അവർ ആലോചിച്ച് കണ്ടെത്തിയതാണ് ഈ പദ്ധതിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘നമ്മുടെ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒരു കരാറിൽ ഒപ്പിടുന്നു. ഒരു കത്ത് എഴുതിയിട്ട് അത് വേണ്ടെന്ന് വെക്കുന്നതൊക്കെ ആരെ കബളിപ്പിക്കാനാണ്. ഒരു കരാറിൽ ഒപ്പിട്ട് കഴിഞ്ഞാൽ അത് മരവിപ്പിക്കാൻ കത്ത് എഴുതിയാലൊന്നും ത് മരവിപ്പിക്കാനാവില്ല. സി.പി.ഐക്ക് അത് മതിയെങ്കിൽ അവർ ആശ്വസിക്കട്ടെ,’ കെ.സി വേണുഗോപാൽ പറഞ്ഞു.

ഒരു ഒപ്പിട്ടാൽ ആ ഒപ്പിൽ നിന്നും കരാറിൽ നിന്നും പിൻവാങ്ങുന്നത്‌ സാധ്യമല്ലെന്ന് അരി ആഹാരം കഴിക്കുന്നവർക്കെല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.ഐ.എമ്മിന് തെറ്റ് പറ്റിയെന്നുള്ളത് മനസിലായതായി കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന അധ്യക്ഷൻ ബിനോയ് വിശ്വം പറഞ്ഞിരുന്നുവെന്നും തെറ്റ് പറ്റിയെന്ന് മനസിലാക്കുന്നുവെങ്കിൽ അത് ഏറ്റു പറഞ്ഞ് മാപ്പ് പറയുകയാണ് വേണ്ടതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഘടകകക്ഷികൾക്ക് പോലും ഈ കരാറിനെ എതിർക്കേണ്ട അവസ്ഥയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: K.C. Venugopal reacted to the CPI(M)’s decision to write a letter to the Center to freeze the PM Shri scheme

We use cookies to give you the best possible experience. Learn more