| Thursday, 5th March 2026, 2:13 pm

സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിയുന്നു; സര്‍ക്കാരിന്റെ പത്ര പരസ്യങ്ങളില്‍ കെ.സി. വേണുഗോപാല്‍

രാഗേന്ദു. പി.ആര്‍

ആലപ്പുഴ: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പത്ര പരസ്യങ്ങള്‍ നല്‍കിയതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.

ജീവിച്ചിരുന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇടതുപക്ഷം വെറുതെ വിട്ടിട്ടില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം.

‘ജീവിച്ചിരുന്ന ഉമ്മന്‍ചാണ്ടിയെ അവര്‍ വേട്ടയാടി കല്ലെറിഞ്ഞ് തീര്‍ത്തു. ഒരു രാഷ്ട്രീയ നേതാവിനോടും കാണിക്കാത്ത വിധത്തിലുള്ള ഏറ്റവും മ്ലേച്ഛമായ രീതിയിലാണ് അദ്ദേഹത്തെ അവര്‍ പരിഗണിച്ചത്. മരിച്ച് കഴിഞ്ഞപ്പോഴും അത് തുടരുകയാണ്,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ പോലും ശക്തിയുള്ളതാണെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെയുള്ള ഒരാളെ വീണ്ടും വീണ്ടും വേട്ടയാടാനാണ് ഇപ്പോഴത്തെ പത്രപരസ്യങ്ങളെന്നും അദ്ദേഹം പ്രതികരിച്ചു.

നേരായ മാര്‍ഗത്തിലൂടെ പറഞ്ഞാല്‍ ആരും കേള്‍ക്കില്ല. അപ്പോള്‍ സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് പരസ്യമാക്കി ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ദി ഹിന്ദു, ദേശാഭിമാനി, സുപ്രഭാതം, മാധ്യമം, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, മംഗളം, ജനയുഗം തുടങ്ങിയ പത്രങ്ങളിലാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. പി.ആര്‍.ഡിയാണ് ഈ പരസ്യങ്ങള്‍ കൈമാറിയത്.

പൂട്ടലിന്റെ വക്കില്‍ കെ.എസ്.ആര്‍.ടിസി, ഇന്ന് മുതല്‍ ലോഡ് ഷെഡിങ്, നാല്‍പത് ശതമാനം സ്‌കൂളുകളും അടച്ച് പൂട്ടല്‍ ഭീഷണിയില്‍, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ എന്നിങ്ങനെയുള്ള തലക്കെട്ടുകളോടെ ഒന്നാം പേജിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.

യു.ഡി.എഫ് സര്‍ക്കാരിനെയും എല്‍.ഡി.എഫ് സര്‍ക്കാരിനെയും താരതമ്യം ചെയ്തുകൊണ്ടാണ് വാര്‍ത്തകള്‍.

ഒന്നാം പേജില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ പോരായ്മകള്‍ എന്ന് ഇടതുമുന്നണി വാദിക്കുന്ന കാര്യങ്ങളാണ് നല്‍കിയിരിക്കുന്നതെങ്കില്‍ രണ്ടാം പേജില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്ന് കാണിച്ചുകൊണ്ടാണ് വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്.

വിദ്യാഭ്യാസ രംഗത്തെക്കുറിച്ചും ക്ഷേമ പെന്‍ഷന്‍, കെ.എസ്.ആര്‍.ടിസി, ദേശീതപാത സ്ഥലമെടുപ്പ്, ഗെയ്ല്‍ പൈപ്പ് ലൈന്‍ തുടങ്ങിയവയാണ് പ്രധാനമായും താരതമ്യം ചെയ്തിരിക്കുന്നത്.

Content Highlight: K.C. Venugopal react in government newspaper advertisements

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more