| Thursday, 2nd January 2020, 10:37 am

'അദ്ദേഹത്തിന്റേതു മഹാമനസ്‌കത, കാണിച്ചതു മര്യാദ മാത്രം'; ലോക കേരള സഭയെ അഭിനന്ദിച്ച രാഹുലിന്റെ പ്രവൃത്തിയില്‍ കെ.സി വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: യു.ഡി.എഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അയച്ച കത്ത് വിവാദമാക്കേണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കത്തയച്ചതു രാഹുലിന്റെ മഹാമനസ്‌കതയാണെന്നും ജനപ്രതിനിധി കാണിക്കേണ്ട മര്യാദ മാത്രമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും തൃശൂരില്‍ നടന്ന പരിപാടിയില്‍ കെ.സി പറഞ്ഞു.

‘രാഹുല്‍ കാണിച്ച മര്യാദയെ വളച്ചൊടിച്ചു വിവാദമാക്കിയതു ശരിയായില്ല. കോണ്‍ഗ്രസിനു രണ്ടു നിലപാടില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ കേന്ദ്ര നേതൃത്വം തള്ളിപ്പറഞ്ഞിട്ടുമില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് ഒപ്പം തന്നെയാണു കേന്ദ്ര നേതൃത്വവും നിലകൊള്ളുന്നത്,’ കെ.സി പറഞ്ഞു.

ഏറ്റവും വലിയ വേദിയാണ് സഭയെന്ന് രാഹുല്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു. രാഹുലിനു നന്ദി അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രവാസി സമൂഹവുമായി ബന്ധപ്പെടാനും അവരെ അംഗീകരിക്കാനുമുള്ള ഏറ്റവും മികച്ച വേദിയാണ് ലോക കേരള സഭയെന്ന് രാഹുലിന്റെ കത്തില്‍ പറയുന്നു. പല രാജ്യങ്ങളിലും രാഷ്ട്ര നിര്‍മാണ പ്രക്രിയകളില്‍ മലയാളികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ലോക കേരള സഭ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷം നേരത്തേ അറിയിച്ചിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ ഇതിന്റെ ഭാഗമായി ആരും പങ്കെടുത്തിരുന്നില്ല.

ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടര്‍ന്ന് ലോക കേരള സഭയില്‍ നിന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് എം.എല്‍.എമാരും നേരത്തേ രാജിവെച്ചിരുന്നു.

ഒന്നാം ലോക കേരള സഭയിലെ തീരുമാനങ്ങളില്‍ ഒരെണ്ണം പോലും നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും സഭയ്ക്കായി സെക്രട്ടേറിയറ്റ് രൂപീകരിച്ചതും നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാള്‍ പൊളിച്ച് 16.5 കോടി രൂപ ചെലവാക്കി പുനര്‍നിര്‍മിച്ചതുമാണ് ആകെ നടന്ന കാര്യങ്ങളെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ സാഹചര്യത്തിലാണ് വയനാട് എം.പിയും കോണ്‍ഗ്രസിന്റെ ഏറ്റവും പ്രമുഖനായ ദേശീയ നേതാവുമായ രാഹുല്‍ സഭയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more