പാലക്കാട്: ദലിത സമുദായത്തെ അധിക്ഷേപിച്ച് നെന്മാറ എം.എല്‍.എ കെ.ബാബു. ദലിത സമുദായമായ ചക്കിലിയ വിഭാഗത്തെയാണ് കെ ബാബു അപമാനിച്ചത്. സി.പി.ഐ.എം വിശദീകരണ യോഗത്തിനിടെയായിരുന്നു ബാബുവിന്റെ വിവാദ പരാമര്‍ശം.
ചക്കിലിയര്‍ ക്ഷേത്രങ്ങളില്‍ കഴിയുന്നത് മദ്യപിക്കിക്കാനാണെന്നായിരുന്നു ബാബുവിന്റെ വിവാദ പരാമര്‍ശം. ചക്കിലിയ വിഭാഗത്തില്‍പ്പെട്ടവരില്‍ പെണ്‍കുട്ടി ഈഴവ സമുദായത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പാലക്കാട് ഗോവിന്ദാപുരത്തെ അംബേദ്കര്‍ കോളനിയിലെ ചക്കിലിയ വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ അമ്പലപ്പറമ്പുകളിലാണ് ഉറങ്ങിയിരുന്നത്. ഈ സാഹചര്യത്തിലായിരുന്നു സി.പി.ഐ.എം വിശദീകരണ യോഗം വിളിച്ചു ചേര്‍ത്തത്.
“ഞങ്ങളെ നടക്കാന്‍ സമ്മതിക്കുന്നില്ല, ഇരിക്കാന്‍ സമ്മതിക്കുന്നില്ല, ഉറങ്ങാന്‍ സമ്മതിക്കുന്നില്ല എന്നൊക്കെ പറയുന്ന ഇവര്‍ കൂട്ടംകൂടിയാണ് ഉറങ്ങുന്നതെന്ന് പറയുന്നത് ശരിയാണ്. അവര്‍ കൂട്ടംകൂടുന്നത് അടുത്തുള്ള പൈപ്പില്‍ നിന്നും വെള്ളമെടുത്ത് ഒരുമിച്ചിരുന്ന് മദ്യപിക്കാനാണ്” എന്നായിരുന്നു ബാബു യോഗത്തില്‍ പറഞ്ഞത്.
നേരത്തെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഗവണ്‍മെന്റ് വെല്‍ഫയര്‍ എല്‍.പി സ്‌കൂളില്‍ ചക്കിലിയ വിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്നുന്നതിനാല്‍ നാട്ടുകാര്‍ സ്‌കൂളിന് അയിത്തം കല്‍പ്പിച്ച്തും കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതിരുന്നതും വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് ചക്കിലിയരെ അപമാനിക്കുന്ന എം.എല്‍.എയുടെ പ്രസംഗത്തിന്റെ വാര്‍ത്തയും പുറത്തു വരുന്നത്.
അതേസമയം തന്റെ പ്രസംഗത്തില്‍ ഒരു സമുദായത്തെയും പരാമര്‍ശിച്ചിട്ടില്ലെന്നും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നുമായിരുന്നു ബാബുവിന്റെ പ്രതികരണം. ചില തല്‍പ്പര കക്ഷികളാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും ബാബു ആരോപിച്ചു. വാര്‍ത്തയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don”t Miss: ‘വസ്ത്രത്തിന് ഇറക്കം പോരാ’; നടി അമലാ പോളിന് നേരെ സദാചാര വാദികളുടെ അക്രമം
യോഗത്തിന് ശേഷം അവിടെ കൂടിയവര്‍ ഈ സമുദായത്തില്‍പ്പെട്ട ഒരാളുടെ വീട്ടില്‍ നിന്നാണ് ഭക്ഷണം കഴിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാം രംഗത്തെത്തിയിട്ടുണ്ട്. ചക്കിലിയ സമുദായക്കാരെന്ന് അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും ആ സാഹചര്യത്തില്‍ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണെന്നായിരുന്നു വിടി ബല്‍റാമിന്റെ പ്രതികരണം.