തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയത് താനാണെന്ന ചാണ്ടി ഉമ്മാന്റെ വിമർശനത്തിൽ മറുപടിയുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ.
ഉമ്മൻ ചാണ്ടി കുടുംബം തകർക്കുകയും തന്നെ ദ്രോഹിക്കുകയും ചതിക്കുകയും ചെയ്‌തെന്നും ചാണ്ടി ഉമ്മന്റെ ഇപ്പോഴത്തെ തനിക്കെതിരായ ആരോപണം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്നും കെ.ബി ഗണേഷ് കുമാർ പറഞ്ഞു.
തന്റെ മക്കളെ തന്നിൽ നിന്നും വേർപ്പെടുത്തിയത് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇത് താൻ പറഞ്ഞിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘ഉമ്മൻ ചാണ്ടി എന്നെ ദ്രോഹിച്ചതിന് ഒന്നുമില്ലേ? എന്റെ കുടുംബം തകർത്തു. സർവതും പിടിച്ച് വാങ്ങി. എന്റെ മക്കളെയും എന്നെയും വേർപ്പെടുത്തിയതിൽ മധ്യസ്ഥ വഹിച്ച ആളാണ് ഉമ്മൻ ചാണ്ടി. ആ മര്യാദകേടിന് മറുപടി പറയേണ്ടേ?,’ അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടിക്ക് അനുകൂലമായാണ് താൻ സി.ബി.ഐക്ക് മൊഴി നൽകിയതെന്നും മന്ത്രിസ്ഥാനം മടക്കി നൽകാമെന്ന് പറഞ്ഞിട്ട് തന്നെ വഞ്ചിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയുംകാലം ചാണ്ടി ഉമ്മൻ എവിടെയായിരുന്നെന്നും ഗണേഷ് കുമാർ ചോദിച്ചു.
‘മരണവീട്ടിൽപ്പോയി രാമായണം വായിക്കുന്ന ആളാണ് ചാണ്ടി ഉമ്മൻ. അദ്ദേഹം അറിയാത്തതും കേൾക്കാത്തതുമായ കാര്യങ്ങൾ ഈ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ആരെയെങ്കിലും സഹായിക്കാൻ പത്തനാപുരത്ത് വന്ന് പറയുകകയാണ്. ചാണ്ടി ഉമ്മൻ വിശ്വസിക്കുന്ന ദൈവം അദ്ദേഹത്തെ നല്ല രീതിയിൽ കൈകാര്യം ചെയ്യുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്,’ കെ.ബി ഗണേഷ് കുമാർ വ്യക്തമാക്കി.
പത്തനാപുരത്ത് മാങ്കോട് നടന്ന കോൺഗ്രസിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ വിമർശനം.
രാഷ്ട്രീയ ലക്ഷ്യം ലാക്കാക്കി ഉമ്മൻചാണ്ടിയെ കുടുക്കി ഗണേഷ് കുമാർ എൽ.ഡി.എഫിലേക്ക് ചേക്കേറുകയായിരുന്നെന്ന ആരോപണത്തിന് പിന്നാലെയുള്ള പ്രതികരണമായിരുന്നു ചാണ്ടി ഉമ്മൻ നടത്തിയത്.
Content Highlight: K.B. Ganesh Kumar responded to Chandy Oomman’s criticism that he was the one who hunted down Oomman Chandy in the solar case