| Friday, 18th September 2020, 7:55 pm

'ഇതിനേക്കാള്‍ നല്ലത് ജന്മഭൂമി വായിക്കുകയും ജനം ടി.വി.കാണുകയുമല്ലേ' മാതൃഭൂമി ബഹിഷ്‌കരിക്കുന്നതായി കെ. അജിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാതൃഭൂമി പത്രം ബഹിഷ്‌കരിക്കുകയാണെന്ന് കെ.അജിത. മാതൃഭൂമിക്ക് സംഘപരിവാര്‍ ചായ്‌വാണെന്നും കെ.അജിത പറഞ്ഞു. ചെറുപ്പം മുതല്‍ ജീവിതത്തിന്റെ ഭാഗമായ മാതൃഭൂമിയുടെ ഇന്നലത്തെ പത്രമാണ് മാതൃഭൂമിയുമായുള്ള ബന്ധം ഇനി ഒരു നിമിഷം പോലും തുടരേണ്ടെന്ന് തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് മാതൃഭൂമി ബഹിഷ്‌ക്കരിച്ചുക്കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ കെ.അജിത പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായിരുന്ന വ്യാഴാഴ്ച മാതൃഭൂമി മോദിയെക്കുറിച്ച് ചെയ്ത പ്രത്യേക വാര്‍ത്തകളും ഫീച്ചറുകളും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ‘ഇന്ത്യയെ കണ്ടെത്തിയ നേതാവ് മാതൃഭൂമിക്ക് ഇപ്പോള്‍ നരേന്ദ്ര മോദിയാണ്. എങ്കില്‍ സവര്‍ക്കറും ഗോഡ്‌സേയും ആ പത്രത്തിന് ഇനി മുതല്‍ ചരിത്രം സൃഷ്ടിച്ച മഹാത്മാക്കളായേക്കാം.ഹാ കഷ്ടം! ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തില്‍ ജനിച്ച പത്രവും അതിന്റെ ചുക്കാന്‍ പിടിക്കുന്നവരും എത്തിപ്പെട്ട പതനം ആ പത്രത്തിന്റെ ജീര്‍ണത എത്ര ആഴമേറിയതാണ് എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.ഇതിനേക്കാള്‍ നല്ലത് ജന്മഭൂമി വായിക്കുകയും ജനം ടി.വി.കാണുകയുമല്ലേ.’ കെ.അജിത ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തന്റെ ജീവിതപങ്കാളി ടി.വി യാക്കൂബ് അടക്കം നിരവധി പേര്‍ പലപ്പോഴും മാതൃഭൂമിയുടെ സംഘപരിവാര്‍ ചായ്‌വ് ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും അപ്പോഴൊന്നും തനിക്ക് ഇത്തരത്തില്‍ തോന്നിയിരുന്നില്ലെന്നും ഇന്നലത്തെ പത്രമാണ് പൂര്‍ണ്ണമായും ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലേക്ക് തന്നെ എത്തിച്ചതെന്നും കെ.അജിത പറഞ്ഞു.

കെ.അജിതയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്രിയ മാതൃഭൂമി പത്രാധിപര്‍ക്ക്,

കേരളത്തിലെ അസംഖ്യം മാതൃഭൂമി വായനക്കാരിലൊരാള്‍ എന്ന നിലയിലാണ് ഈ കത്ത്. ഞാന്‍ കോഴിക്കോട് ജനിച്ചുവളര്‍ന്ന ഒരു വ്യക്തിയാണ്. എന്നെ സംബന്ധിച്ച് കുട്ടിക്കാലം മുതല്‍ വായിച്ചും വസ്തുനിഷ്ഠമായ വാര്‍ത്തകള്‍ക്ക് വിശ്വസിച്ചും ആശ്രയിച്ചും വന്നിട്ടുള്ള ജീവിതത്തിന്റെ ഒരു ഭാഗമാണ് മാതൃഭൂമി ദിനപത്രം. പല സമരങ്ങളും അവിടെ ഉണ്ടായിട്ടുണ്ട്. ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. എന്നാലും മാതൃഭൂമിയുമായുള്ള എന്റെ ബന്ധം പൂര്‍ണമായും ഞാന്‍ വിച്ഛേദിച്ചിരുന്നില്ല.

ഈ അടുത്ത് മാതൃഭുമി പത്രത്തെ ബഹിഷ്‌ക്കരിക്കാനുള്ള പ്രസ്ഥാനം തന്നെ ഉണ്ടായിരുന്നു. എന്റെ ജീവിത പങ്കാളി ടി.പി.യാക്കൂബ് എത്ര തവണയാണ് മാതൃഭൂമിയുടെ സംഘപരിവാര്‍ ചായ്വുള്ള വാര്‍ത്തകള്‍ വായിച്ച് ഈ പത്രം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത്. പക്ഷെ അന്നും എനിക്ക് അത് തോന്നിയിട്ടില്ലായിരുന്നു.

ഇന്നലത്തെ പത്രമാണ് മാതൃഭൂമിയുമായുള്ള ബന്ധം ഇനി ഒരു നിമിഷം പോലും തുടരേണ്ടെന്ന തീരുമാനത്തിലേക്ക് എന്നെ എത്തിച്ചത്. ഇന്ത്യയെ കണ്ടെത്തിയ നേതാവ് മാതൃഭൂമിക്ക് ഇപ്പോള്‍ നരേന്ദ്ര മോഡിയാണ്. എങ്കില്‍ സവര്‍ക്കറും ഗോദ്‌സേയും ആ പത്രത്തിന് ഇനി മുതല്‍ ചരിത്രം സൃഷ്ടിച്ച മഹാത്മാക്കളായേക്കാം.ഹാ കഷ്ടം! ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തില്‍ ജനിച്ച പത്രവും അതിന്റെ ചുക്കാന്‍ പിടിക്കുന്നവരും എത്തിപ്പെട്ട പതനം ആ പത്രത്തിന്റെ ജീര്‍ണത എത്ര ആഴമേറിയതാണ് എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.ഇതിനേക്കാള്‍ നല്ലത് ജന്മഭൂമി വായിക്കുകയും ജനം ടി.വി.കാണുകയുമല്ലേ.

ഇന്ത്യയെ ഒരു സവര്‍ണ ഹിന്ദു ഫാസിസ്റ്റ് രാഷ്ട്രമാക്കാനുള്ള പദ്ധതികള്‍ ഓരോ ദിവസവും നമ്മുടെ മേല്‍ അടിച്ചേല്പിച്ചുകൊണ്ടിരിക്കുന്ന, ഗുജറാത്തിലെ വംശഹത്യ മുതല്‍ ആരംഭിച്ച ആ തേരോട്ടത്തില്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജനാധിപത്യ മതേതര ബഹുസ്വര മൂല്യങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ഇത്തരം മുഖ്യധാരാപത്രങ്ങളെ ആശ്രയിക്കേണ്ടതില്ല എന്ന് ഉറപ്പായ ഈ നിമിഷം ചരിത്രത്തിന്റെ ഒരു ഇരുണ്ട മുഹൂര്‍ത്തം തന്നെ.

ഇത്തരം മൂല്യങ്ങളോട് ഒരിക്കലും സന്ധി ചെയ്യാന്‍ ഞാനുദ്ദേശിക്കുന്നില്ല.

എന്ന്
അജിത കെ.
കോഴിക്കോട്

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Ajitha boycott Mathrubhumi for supporting Sangh Pariwar

Latest Stories

We use cookies to give you the best possible experience. Learn more