| Monday, 27th July 2026, 7:30 pm

കെ-1 വേള്‍ഡ് ജി.പി ഇന്ത്യയിലേക്ക്; പ്രതിവര്‍ഷം 10 മെഗാ പോരാട്ടങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ കോംബാറ്റ് സ്‌പോര്‍ട്‌സ് രംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് പ്രമുഖ അന്താരാഷ്ട്ര കിക്ക് ബോക്‌സിങ് ഓര്‍ഗനൈസേഷന്‍ ‘കെ-1 വേള്‍ഡ് ജി.പി’ (K-1 World GP) ഇന്ത്യയിലേക്ക് ചുവടുവെക്കുന്നു.

രാജ്യത്തുടനീളം പ്രതിവര്‍ഷം പത്ത് വന്‍കിട അന്താരാഷ്ട്ര ഇവന്റുകള്‍ സംഘടിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. ഇത്തരമൊരു പദ്ധതി നടപ്പിലായാല്‍ ഇന്ത്യയിലെ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര കോംബാറ്റ് സ്‌പോര്‍ട്‌സ് വിപുലീകരണമായി ഇത് മാറും.

ഇന്ത്യന്‍ കിക്ക് ബോക്‌സിങ്, സ്റ്റാന്‍ഡ്-അപ്പ് കോംബാറ്റ് രംഗത്ത് പുതിയൊരു അധ്യായത്തിനാണ് ഇതോടെ തുടക്കമാകുന്നത്. ഔദ്യോഗിക കെ-1 നിയമങ്ങള്‍ക്ക് കീഴില്‍ നടക്കുന്ന മത്സരങ്ങളില്‍ ലോകോത്തര താരങ്ങളോടൊപ്പം ഇന്ത്യയിലെ മികച്ച ഫൈറ്റര്‍മാരും മാറ്റുരയ്ക്കും.

ദശകങ്ങളായി കിക്ക് ബോക്‌സിങ്, കരാട്ടെ, തായ്‌ക്വൊണ്ടോ, മുവാ തായ്, ബോക്‌സിങ്, മിക്‌സ്ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് (എം.എം.എ) തുടങ്ങിയ മേഖലകളില്‍ ഇന്ത്യ നിരവധി പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, സ്വന്തം നാട്ടില്‍ വെച്ച് ലോകോത്തര പ്രതിഭകളോട് മത്സരിക്കാനുള്ള അവസരങ്ങള്‍ പരിമിതമായിരുന്നു.

ഈ കുറവ് പരിഹരിക്കാനും ഇന്ത്യന്‍ താരങ്ങള്‍ക്ക് ആഗോളതലത്തില്‍ ശ്രദ്ധ നേടാനും പുതിയ ഇവന്റ് സീരീസിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പദ്ധതിയുടെ പ്രധാന സവിശേഷതകള്‍

ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിലായി വര്‍ഷത്തില്‍ പത്ത് പ്രൊഫഷണല്‍ ഫൈറ്റ് നൈറ്റുകളാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.

മത്സരങ്ങള്‍ക്ക് പുറമെ, പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ടാലന്റ് ഹണ്ട്, അന്താരാഷ്ട്ര തലത്തിലുള്ള പരിശീലനങ്ങള്‍, പ്രാദേശിക ജിമ്മുകളുമായും അക്കാദമികളുമായും സഹകരണം എന്നിവയിലൂടെ സമഗ്രമായ കായിക വികസനത്തിനും ഈ പദ്ധതി വഴിതുറക്കും.

സ്‌പോര്‍ട്‌സ് ടൂറിസം, ബ്രോഡ്കാസ്റ്റിങ്, സ്പോണ്‍സര്‍ഷിപ്പ് തുടങ്ങിയവയിലൂടെ പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് പുത്തന്‍ ഊര്‍ജം പകരണാനും ഇതിലൂടെ സാധിക്കും.

കൂടാതെ, ലൈവ് വിനോദ പരിപാടികള്‍, ഡിജിറ്റല്‍ സംപ്രേഷണം എന്നിവ ഉള്‍പ്പെടുത്തി കാണികള്‍ക്കായി ലോകോത്തര അനുഭവമാണ് ഒരുക്കുന്നത്.

മത്സരങ്ങള്‍ നടക്കുന്ന ഹോസ്റ്റ് സിറ്റികള്‍, തീയതികള്‍, പങ്കെടുക്കുന്ന താരങ്ങള്‍, ടിക്കറ്റ് വില്‍പ്പന, സംപ്രേഷണ പങ്കാളികള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ സംഘാടകര്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ പദ്ധതി പൂര്‍ണമായും നടപ്പിലായാല്‍ ആഗോള കോംബാറ്റ് സ്പോര്‍ട്സ് ഭൂപടത്തില്‍ ഇന്ത്യ തങ്ങളുടെ സ്ഥാനം ഉറപ്പിക്കും.

Content  highlight: K-1 World GP coming to India; 10 mega-fights annually.

Latest Stories

We use cookies to give you the best possible experience. Learn more