ലോക, തുടരും, രേഖാചിത്രം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ വമ്പന്‍ ഹിറ്റുകള്‍ക്കൊപ്പം തന്റെ സിനിമയായ പൊന്‍മാന്റെ പേര് ചേര്‍ത്തുവെക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ജോതിഷ് ശങ്കര്‍. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സിനിമയുടെ സംവിധായകരുമായെല്ലാം എനിക്ക് സൗഹൃദമുണ്ട്. ഇവരില്‍ പലരും കലാസംവിധാനത്തിനായി എന്നെ വിളിച്ചവരാണ്. കലാസംവിധാനം ജോലിയും സിനിമാ സംവിധാനം എന്റെ സ്വപ്നവുമാണ്. ആഗ്രഹം കൊണ്ട് സിനിമയിലേക്കെത്തിയ വ്യക്തിയാണ് ഞാന്‍.
ഫൈന്‍ ആര്‍ട്സ് കോളേജിലെ പഠനം കഴിഞ്ഞ് ശില്പകലയുമായി മുന്നോട്ടുപോകുമ്പോള്‍ ഒരിക്കല്‍ കോയമ്പത്തൂരില്‍വെച്ച് ഗണപതി യുടെ രൂപം പ്രിന്റു ചെയ്യുന്നത് കണ്ടു. ആ കാഴ്ചയില്‍നിന്നാണ് കലയില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചു ചിന്തിച്ചത്. ശില്പകലയ്ക്കപ്പുറത്തേക്ക് നീങ്ങാന്‍ ആ കാഴ്ച പ്രചോദനമായി,’ ജോതിഷ് ശങ്കര്‍.
‘പൊന്‍മാന്‍ കഴിഞ്ഞു, മറ്റൊരു നല്ലകഥയുമായി സംവിധാനത്തിലേക്കിറങ്ങണം. അതിനിടയിലും, കലാസംവിധാനവുമായി മുന്നേട്ട് പോകും. സൂക്ഷ്മദര്‍ശിനിയുടെയും ‘ഡിയസ് ഈറെ’യുടെയും സംവിധായകരുടെ പുതിയ സിനിമകളുടെ കലാസംവിധാനത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍,’ ജോതിഷ് പറയുന്നു.
2025 ല്‍ സിനിമാപ്രേമികള്‍ ഏറ്റെടുത്ത സിനിമയായിരുന്നു പൊന്‍മാന്‍. കലാസംവിധായകനായി പ്രവര്‍ത്തിച്ച ജോതിഷിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു പൊന്‍മാന്‍. ബേസില്‍ ജോസഫ്, സജിന്‍ ഗോപു, ലിജോമോള്‍, ആനന്ദ് മന്മഥന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ പൊന്മാന്‍ ജി.ആര്‍ ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമായിരുന്നു.
Content Highlight: Jyotish Shankar says Happy to be adding my Ponman to the films Lokah and thudarum