| Monday, 19th January 2015, 11:06 am

'ഹൗ ഓള്‍ഡ് ആര്‍ യു' തെലുങ്കിലും ജ്യോതിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കളമൊരുക്കിയ സൂപ്പര്‍ഹിറ്റ് ചലച്ചിത്രം “ഹൗ ഓള്‍ഡ് ആര്‍ യു”വിന്റെ തെലുങ്ക് പതിപ്പിലും ജ്യോതിക അഭിനയിക്കും. ചിത്രത്തിന്റെ തമിഴ് പതിപ്പിലും ജ്യോതികയാണ് അഭിനയിക്കുന്നത്.

തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. ഹിന്ദിയിലേക്കും കന്നടയിലേക്കും ചിത്രം റീമേക്ക് ചെയ്യാനും പദ്ധതിയുണ്ട്. സൂര്യയാണ് എല്ലാ ഭാഷകളിലേയും ചിത്രം നിര്‍മ്മിക്കുന്നത്.

“ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. കൃത്യമായിട്ട് പറഞ്ഞാല്‍ ഇനി അഞ്ച് ദിവസം മാത്രമാണ് ഷൂട്ടിങ് ഉള്ളത്. ജ്യോതികയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ചെയ്യുന്നതെന്ന് ഉറപ്പിച്ചുകഴിഞ്ഞു.” ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

തെലുങ്ക് പതിപ്പിന്റെ ഷൂട്ടിങ് മെയ് മാസത്തില്‍ ആരംഭിക്കുമെന്നും മറ്റ് ഭാഷകളില്‍ ജ്യോതികയാണ് അഭിനയിക്കുന്നതെന്ന് സ്ഥരീകരിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

റഹ്മാനാണ് ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ ജ്യോതികയുടെ ഭര്‍ത്താവായി വേഷമിടുന്നത്. മലയാള സിനിമയുടെ കഥ നിലനിര്‍ത്തിക്കൊണ്ടാണ് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്.

ചിത്രത്തിന്റെ ബോളിവുഡ് റീമേക്കില്‍ കാജോള്‍ നായികയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാജോളിനെ സമീപിച്ചെന്ന കാര്യം റോഷന്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തിരക്കഥ വായിച്ച താരം ചിത്രം ചെയ്യാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ടെന്നും എന്നാല്‍ അവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും റോഷന്‍ ആന്‍ഡ്രൂസ് നേരത്തെ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more