ബോളിവുഡിലൂടെ അരങ്ങേറി പിന്നീട് സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഒഴിച്ചുകൂടാനാകാത്ത താരമായി മാറിയ നടിയാണ് ജ്യോതിക. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം ഈയിടെ വീണ്ടും സജീവമായി. തമിഴില്‍ പഴയതുപോലെ മികച്ച വേഷങ്ങള്‍ ലഭിക്കാത്തതിനാല്‍ ജ്യോതിക ബോളിവുഡിലേക്ക് വീണ്ടും ചേക്കേറിയത് വലിയ വാര്‍ത്തയായിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ജ്യോതികയുടെ പരാമര്‍ശങ്ങള്‍ വലിയരീതിയില്‍ ചര്‍ച്ചയാകാറുണ്ടായിരുന്നു. സൂര്യയുടെ കങ്കുവയെ ന്യായീകരിച്ചതും സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഐറ്റം ഡാന്‍സിന് മാത്രം നായികമാരെ കാസ്റ്റ് ചെയ്യുന്നുവെന്ന് പറഞ്ഞതും സൈയ്യാരയെ അഭിനന്ദിച്ച് പോസ്റ്റിട്ടതുമെല്ലാം ട്രോളിന് വിധേയമായി.
ഇപ്പോഴിതാ ഒരുവര്‍ഷം മുമ്പ് ജ്യോതിക നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്. അജയ് ദേവ്ഗണൊപ്പം ജ്യോതിക വേഷമിട്ട ഷൈത്താന്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ ജ്യോതിക സൗത്ത് ഇന്ത്യന്‍ സിനിമകളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. തന്റെ മുഖവും പോസ്റ്ററില്‍ പങ്കുവെച്ച് തുടങ്ങിയത് ഇപ്പോഴാണെന്നായിരുന്നു താരം പറഞ്ഞത്.
‘അജയ് ദേവ്ഗണ്‍, മമ്മൂട്ടി സാര്‍, ഇവര്‍ രണ്ടുപേരുമാണ് എന്റെ മുഖവും പോസ്റ്ററില്‍ വരാന്‍ മുന്‍കൈയെടുത്തത്. സൗത്ത് ഇന്ത്യയില്‍ എന്റെ മുഖമുള്ള പോസ്റ്ററുകളൊന്നും ആരും പങ്കുവെച്ചിട്ടുണ്ടായിരുന്നില്ല. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക നായകന്മാരുടെ കൂടെയും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. നായികമാരുടെ മുഖം അവര്‍ പോസ്റ്ററില്‍ വെക്കാറില്ല. ഇവിടെ ബോളിവുഡിലെത്തിയപ്പോഴാണ് അതിന് മാറ്റം വന്നത്,’ ജ്യോതിക പറയുന്നു.
ഈ പഴയ പ്രസംഗം വൈറലായതോടെ ജ്യോതികയുടെ പഴയ സിനിമകളുടെ പോസ്റ്ററുകളെല്ലാം ആളുകള്‍ പങ്കുവെച്ചു. കാക്ക കാക്ക, ഖുഷി, വേട്ടൈയാട് വിളയാട്, ധൂള്‍, ഡും ഡും ഡും, സില്ലുന് ഒരു കാതല്‍ തുടങ്ങി ജ്യോതിക നായികയായ സിനിമകളുടെ പോസ്റ്ററുകളിലെല്ലാം അവരുടെ മുഖമുണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റുകള്‍ വൈറലാണ്.
ബോളിവുഡില്‍ കൂടുതല്‍ അവസരം ലഭിക്കാന്‍ വേണ്ടിയാണ് ജ്യോതിക ഇത്തരത്തില്‍ സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയെ ഇകഴ്ത്തുന്നതെന്ന് ചിലര്‍ ആരോപിക്കുന്നു. ‘സൗത്ത് ഇന്ത്യന്‍ സിനിമയാണ് നിങ്ങളെ വളര്‍ത്തിയത്. എന്നിട്ട് മറ്റൊരു ഇന്‍ഡസ്ട്രിയില്‍ ആളാകാന്‍ ഈ ഇന്‍ഡസ്ട്രിയെ കുറ്റം പറയരുത്’, ഇതൊക്കെ വെറും അറ്റന്‍ഷന്‍ സീക്കിങ്ങാണ്’ എന്നെല്ലാം ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Jyothika’s one year old speech viral on social media