താരകുടുംബത്തില്‍ നിന്ന് സിനിമാലോകത്തേക്കെത്തിയ നടിമാരില്‍ ഒരാളാണ് ജ്യോതിക. അനിയത്തിപ്രാവിന്റെ ഹിന്ദി റീമേക്കായ ഡോളി സജാ കേ രഖ്‌ന എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരുടെ പട്ടികയില്‍ ജ്യോതികയും സ്ഥാനംപിടിച്ചു.
തമിഴ് താരം സൂര്യയുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ജ്യോതിക വലിയൊരു ഇടവേളയെടുത്തു. മഞ്ജു വാര്യറുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ 36 വയതിനിലേ എന്ന സിനിമയിലൂടെയാണ് ജ്യോതിക സിനിമാലോകത്തേക്ക് തിരിച്ചുവന്നത്. കരിയറിലെ രണ്ടാം ഇന്നിങ്‌സില്‍ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.
എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കിന് ഇരയായി മാറിയിരിക്കുകയാണ് ജ്യോതിക. സോഷ്യല്‍ മീഡിയയില്‍ ജ്യോതികയുടെ ഓരോ വാക്കുകളും വിമര്‍ശനത്തിനിടയാകുന്നുണ്ട്. സൂര്യ നായകനായ കങ്കുവ എന്ന ചിത്രത്തെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് താരം രംഗത്തെത്തിയതായിരുന്നു ഇതില്‍ പ്രധാനം.
ആദ്യഷോയ്ക്ക് പിന്നാലെ നെഗറ്റീവ് അഭിപ്രായം ലഭിച്ച ചിത്രമായിരുന്നു കങ്കുവ. ട്രോള്‍ പേജുകളില്‍ ചിത്രത്തെ കീറിമുറിച്ചു. എന്നാല്‍ ഇത്രയും കീറിമുറിക്കാന്‍ തക്ക മോശം ചിത്രമല്ലെന്നായിരുന്നു ജ്യോതികയുടെ ന്യായീകരണം. ചിത്രത്തെ തകര്‍ക്കാന്‍ മനപൂര്‍വം ഗൂഢാലോചന നടക്കുന്നുണ്ടെന്നും ജ്യോതിക ആരോപിച്ചു. എന്നാല്‍ ഇന്‍ഡസ്ട്രി ഡിസാസ്റ്ററായ കങ്കുവയെ ന്യായീകരിച്ച് രംഗത്തെത്തിയ ജ്യോതിക ട്രോളിനിരയായി.
കങ്കുവക്ക് ശേഷം സൂര്യയുടേതായി പുറത്തിറങ്ങിയ റെട്രോയുടെ റിലീസിന്റെ സമയത്തും ജ്യോതിക സൈബര്‍ ആക്രമണത്തിന് ഇരയായി മാറി. ചിത്രത്തില്‍ ശ്രിയ ശരണ്‍ ഭാഗമായ ഐറ്റം ഡാന്‍സിന്റെ പേരിലായിരുന്നു ഇത്തവണ ജ്യോതികക്ക് ട്രോള്‍. മുമ്പ് ഒരു അഭിമുഖത്തില്‍ ‘ഹിന്ദി സിനിമകളില്‍ സൗത്ത് ഇന്ത്യന്‍ സിനിമകളിലേതുപോലെ പേരിനൊരു നായികയും ഐറ്റം ഡാന്‍സുമൊന്നും ഉണ്ടാകില്ല’ എന്ന് ജ്യോതിക പറഞ്ഞിരുന്നു.
സ്വന്തം പ്രൊഡക്ഷനില്‍ സ്വന്തം ഭര്‍ത്താവ് അഭിനയിക്കുന്ന സിനിമയില്‍ ഐറ്റം ഡാന്‍സ് വരുന്നത് കണ്ടില്ലേയെന്നായിരുന്നു പലരും ചോദിച്ചത്. താരത്തിന്റേത് ഇരട്ടത്താപ്പാണെന്നും പലരും ആരോപിച്ചു. തന്റെ സിനിമകളുടെ കഥകള്‍ കേള്‍ക്കാന്‍ ജ്യോതികയും കൂടെയുണ്ടാകുമെന്നും എന്നാല്‍ ജ്യോതികയുടെ സ്‌ക്രിപ്റ്റ് സെലക്ഷനില്‍ താന്‍ ഇടപെടുന്നത് ഇഷ്ടമല്ലെന്ന സൂര്യയുടെ പ്രസ്താവനയും വിമര്‍ശനത്തിന് വിധേയമായിരുന്നു.
ഏറ്റവുമൊടുവില്‍ ബോളിവുഡ് ചിത്രം സൈയ്യാരക്ക് ജ്യോതിക നല്‍കിയ റിവ്യൂവും വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. ‘രക്തവും വയലന്‍സുമൊന്നുമില്ലാത്ത നല്ലൊരു സിനിമ’ എന്നായിരുന്നു ജ്യോതിക സൈയ്യാരയെ വിശേഷിപ്പിച്ചത്. ‘സൂര്യയുടെ മുന്‍ ചിത്രം റെട്രോ മോശമാണെന്ന് പറയുകയാണോ’ എന്നായിരുന്നു പലരും ചോദിച്ചത്.
പല കാര്യത്തിലും താരം എടുക്കുന്ന ഇരട്ടത്താപ്പ് നിലപാടുകളും ബോളിവുഡിനെ പുകഴ്ത്താന്‍ തമിഴ് സിനിമകളെ ഇകഴ്ത്തുന്നതുമാണ് ഇത്തരത്തില്‍ വിമര്‍ശനം നേരിടാന്‍ കാരണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പ്രത്യേകിച്ച് ഹിന്ദി- തമിഴ് ഭാഷാ പ്രശ്‌നം വലുതായി നില്‍ക്കുന്ന ഈ സമയത്ത് ബോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ജ്യോതിക കൈക്കൊണ്ട നിലപാട് ചിലരെ ചൊടിപ്പിച്ചു.
2021ല്‍ പുറത്തിറങ്ങിയ ഉടന്‍പിറപ്പേയാണ് ജ്യോതിക അഭിനയിച്ച അവസാന തമിഴ് ചിത്രം. പിന്നീട് മലയാളത്തില്‍ കാതല്‍ എന്ന ചിത്രത്തില്‍ ഭാഗമായ ജ്യോതിക ഹിന്ദിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയായിരുന്നു. ഒരു സീരീസുള്‍പ്പെടെ നാല് ഹിന്ദി സിനിമകളില്‍ ഇക്കാലയളവില്‍ ജ്യോതിക ഭാഗമായി.
ഹിന്ദി സിനിമകള്‍ മികച്ചതാണെന്ന് വരുത്തിതീര്‍ക്കാന്‍ വേണ്ടിയാണ് ജ്യോതിക സൗത്ത് ഇന്ത്യന്‍ സിനിമകളെ മോശമാക്കി സംസാരിക്കുന്നതെന്നുള്ള ആരോപണം ഇതിനോട് ചേര്‍ത്തുവായിക്കപ്പെടേണ്ടതാണ്. എന്നാല്‍ ഇതെല്ലാം ജ്യോതികയോടുള്ള സൈബര്‍ ആക്രമണത്തെ ന്യായീകരിക്കുന്നതാകില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Jyothika’s latest statement and the cyber attack she facing