| Tuesday, 4th August 2026, 11:35 am

വിവാഹശേഷം ഞങ്ങളെ സ്ക്രീൻ കപ്പിൾസായി ആരും കാണുന്നില്ല: ജ്യോതിക

നന്ദന. ടി

തമിഴിൽ മാത്രമല്ല, മലയാളത്തിലടക്കം ഏറെ ആരാധകരുള്ള പ്രിയപ്പെട്ട താരജോഡികളാണ് സൂര്യയും ജ്യോതിഷയും. 1999-ൽ പുറത്തിറങ്ങിയ പൂവെല്ലാം കേട്ടുപ്പാർ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലാവുകയും ആയിരുന്നു . തുടർന്ന് കാക്ക കാക്ക, പേരഴഗൻ, മായാവി, സില്ലുനു ഒരു കാതൽ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2006 ലായിരുന്നു ഇരുവരുടെയും വിവാഹം. ദക്ഷിണേന്ത്യൻ സിനിമയിലെ മാതൃകാ ദമ്പതികളായാണ് ഇരുവരെയും ആരാധകർ വിശേഷിപ്പിക്കാറുള്ളത്.

ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ ജീവിതവിശേഷങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് താരജോഡികൾ. ഭർത്താവായ സൂര്യയെക്കുറിച്ചും ഇരുവരും ഒന്നിച്ചുള്ള സിനിമകളെക്കുറിച്ചും ജ്യോതിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

സൂര്യ. ജ്യോതിക. Photo. Facebook

ഒരു വ്യക്തി, ഭർത്താവ്, അച്ഛൻ, അഭിനേതാവ് എന്ന രീതിയിൽ അടയാളപ്പെടുത്തേണ്ട ഒരാളാണ് സൂര്യ എന്ന് പറയുകയാണ് ജ്യോതിക. മനസിൽ തുല്യത എന്നൊരു ഗുണം എപ്പോഴും കൊണ്ടുനടക്കുന്ന ഒരാളാണ് സൂര്യ എന്നത് കൊണ്ടുതന്നെ, പാചകം തൊട്ട് കുട്ടികളുടെ കാര്യങ്ങൾ വരെ രണ്ടുപേരും ഒരുമിച്ചാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ജ്യോതിക പറഞ്ഞു.

‘ഒരു വ്യക്തി, ഭർത്താവ്, അച്ഛൻ, അഭിനേതാവ് എന്ന രീതിയിൽ അടയാളപ്പെടുത്തേണ്ട ഒരാൾ തന്നെയാണ് സൂര്യ. അദ്ദേഹത്തിന്റെ ചിന്തകളിൽ എപ്പോഴും തുല്യത എന്നൊരു ഗുണമുണ്ട്. അത് നമ്മുടെ ഉള്ളിൽ നിന്ന് തന്നെ ഉണ്ടാവേണ്ട ഒന്നാണെന്നാണ് എനിക്ക് തോന്നുന്നത്, അല്ലെങ്കിൽ അത് ഒരിക്കലും ശരിയായ രീതിയിൽ പുറത്തുകാണിക്കാൻ കഴിയില്ല.

ഞാൻ ഇവിടെ ഫെമിനിസം സംസാരിക്കുകയല്ല, വീട്ടിൽ ഞങ്ങൾ രണ്ടുപേരും തുല്യരാണ്. പുരുഷന്റെ ഉള്ളിൽ ആ ചിന്ത വളരെ ആത്മാർത്ഥമായി നിലനിൽക്കുന്നുണ്ടെങ്കിൽ മാത്രമേ കാര്യങ്ങൾക്ക് മാറ്റമുണ്ടാകൂ. സൂര്യയിൽ അതുണ്ട്. ഉദാഹരണത്തിന്, ഞാൻ പാചകം ചെയ്യുകയാണെങ്കിൽ അദ്ദേഹം എന്റെ ഒപ്പം പാചകത്തിൽ കൂടാറുണ്ട്. സിനിമ മുതൽ കുട്ടികളുടെ കാര്യങ്ങൾ വരെ എല്ലാം ഞങ്ങൾ ഒരുമിച്ചാണ് ചെയ്യുന്നത്. പരസ്പരമുള്ള വളർച്ചയാണ് ഞങ്ങൾ രണ്ടുപേരും ആഗ്രഹിക്കുന്നത്,’ നടി പറഞ്ഞു.

വിവാഹശേഷമുള്ള നീണ്ട വർഷങ്ങൾക്കിടയിൽ തങ്ങൾ ഒരുമിച്ചുള്ള സിനിമകളൊന്നും തേടിയെത്തിയിട്ടില്ലെന്നും പറയുകയാണ് ജ്യോതിക. യഥാർത്ഥ ജീവിതത്തിൽ താരജോഡികൾ എന്ന നിലയിൽ ആളുകൾ സ്നേഹിക്കുന്നുണ്ടെങ്കിലും ഓൺസ്ക്രീൻ കപ്പിൾസായി ആരും തങ്ങളെ കരുതുന്നില്ലെന്നും ജ്യോതിക കൂട്ടിച്ചേർത്തു.

‘ഞങ്ങൾ ഒരുമിച്ചു ചെയ്ത സിനിമകളിൽ ആയാലും പ്രോജക്ടുകളിൽ ആയാലും രണ്ടുപേർക്കും വേണ്ടി ഞങ്ങൾ റെക്കമൻഡേഷൻ ഒന്നും നടത്താറില്ല. എല്ലാം സ്വാഭാവികമായി സംഭവിച്ചതാണ്. ഞങ്ങൾ ഒന്നിച്ചുള്ള ഈ നീണ്ട 26 വർഷങ്ങൾക്കുള്ളിൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് അഭിനയിക്കേണ്ട പ്രോജക്ടുകളൊന്നും ഞങ്ങളെ തേടിയെത്തിയിട്ടില്ല എന്നതാണ് സത്യം.

ഒരു സിനിമയെ നല്ലതെന്നോ ചീത്തയെന്നോ പറഞ്ഞ് മാറ്റിനിർത്താനോ, ചെയ്യണമോ വേണ്ടയോ എന്ന് ചിന്തിക്കാനോ തക്കവിധം സിനിമകളൊന്നും ഞങ്ങളുടെ അടുത്ത് വന്നിട്ടില്ല. ഇടയ്ക്ക് ഒരു സ്ക്രിപ്റ്റ് വന്നിരുന്നു എന്നതല്ലാതെ.

വിവാഹശേഷം ഞങ്ങളെ സ്ക്രീൻ കപ്പിൾസായി ആരും കരുതുന്നില്ലെന്ന് എനിക്ക് തോന്നുന്നു. യഥാർത്ഥ ജീവിതത്തിൽ താരജോഡികൾ എന്ന നിലയിൽ ആളുകൾ ഞങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് അറിയാം. എന്നാൽ ഓൺസ്ക്രീനിൽ കല്യാണശേഷം ഒരു കട്ട് തന്നെയായിരുന്നു ഞങ്ങൾക്ക്,’ ജ്യോതിക പറഞ്ഞു.

കഴിഞ്ഞ ദിവസം ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ യുടെ മാഗസിൻ കവർ പേജിനായി സൂര്യയും ജ്യോതികയും ഒന്നിച്ചെത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

‘ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’യുടെ മാഗസിൻ കവർ പേജിനായി സൂര്യയും ജ്യോതികയും ഒന്നിച്ചെത്തിയ ചിത്രങ്ങൾ. Photo. Instagram

Content  Highlight: Jyothika opens up that she and Suriya have never been offered a film together after their marriage

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more