| Tuesday, 29th July 2025, 7:07 am

വയലന്‍സും ചോരയുമില്ലാത്ത നല്ല സിനിമയാണ് സൈയ്യാരയെന്ന് ജ്യോതികയുടെ റിവ്യൂ: പിന്നാലെ സൈബര്‍ ആക്രമണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡില്‍ റെക്കോഡ് വിജയത്തിലേക്ക് കുതിക്കുകയാണ് സൈയ്യാര. പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെയും അനീത് പദ്ദയും പ്രധാനവേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മോഹതി സൂരിയാണ്. 40 കോടിയിലൊരുങ്ങിയ ചിത്രം ഇതിനോടകം 270 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ റിവ്യൂ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ സൈബര്‍ ആക്രമണത്തിനിരയായിരിക്കുകയാണ് തമിഴ് താരം ജ്യോതിക. ചോരയും വയലന്‍സും ആക്ഷനുമൊക്കയുള്ള സിനിമകള്‍ മാത്രം പുറത്തിറങ്ങുന്ന ഇന്നത്തെ കാലത്ത് അതൊന്നുമില്ലാത്ത ഒരു മനോഹരചിത്രം കാണാന്‍ സാധിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ജ്യോതിക തന്റെ റിവ്യൂ ആരംഭിക്കുന്നത്.

ഇമോഷനും സംഗീതവും അതിനോടൊപ്പം പരിശുദ്ധമായ കഥയുമാണ് ഈ സിനിമക്കുള്ളതെന്നും താരം തന്റെ കുറിപ്പില്‍ പങ്കുവെച്ചു. സംവിധായകന്‍ മോഹിത് സൂരിയെയും പ്രധാന താരങ്ങളായ അഹാനെയും അനീതിനെയും പ്രത്യേകം എടുത്തുപറഞ്ഞ് അഭിനന്ദിക്കാനും ജ്യോതിക മറന്നില്ല. എന്നാല്‍ ഈ റിവ്യൂ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഈ റിവ്യൂവിന്റെ പേരില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ജ്യോതികക്ക് നേരെ നടക്കുന്നത്. ആക്ഷനും വയലന്‍സുമുള്ള സിനിമകള്‍ മോശമാണെങ്കില്‍ താരത്തിന്റെ പങ്കാളിയും നടനുമായ സൂര്യയുടെ അവസാനചിത്രം റെട്രോയും അതില്‍ പെടില്ലേ എന്നാണ് പലരും ചോദിക്കുന്നത്. ആ ചിത്രത്തെക്കുറിച്ച് നല്ലത് പറഞ്ഞത് താരത്തിന്റെ ഇരട്ടത്താപ്പാണെന്നും ചിലര്‍ ആരോപിക്കുന്നു.

തമിഴ് സിനിമകളെക്കാള്‍ ബോളിവുഡ് സിനിമകളില്‍ അവസരം ലഭിക്കാന്‍ വേണ്ടി സൗത്ത് ഇന്ത്യന്‍ സിനിമകളെ ഒട്ടാകെ അടച്ചാക്ഷേപിക്കുകയാണ് ഇത്തരം പ്രസ്താവനകളിലൂടെ ജ്യോതിക ചെയ്യുന്നതെന്നു വിമര്‍ശനമുണ്ട്. കരിയറില്‍ മികച്ച അവസരങ്ങള്‍ ലഭിക്കാന്‍ വേണ്ടി മുംബൈയിലേക്ക് ജ്യോതിക താമസം മാറിയത് വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ ഇത് ആദ്യമായല്ല ജ്യോതികക്ക് നേരെ സൈബര്‍ ആക്രമണമുണ്ടാക്കുന്നത്. റെട്രോ എന്ന സിനിമയിലെ ശ്രേയയുടെ ഐറ്റം ഡാന്‍സിന്റെ പേരിലും ജ്യോതിക വിമര്‍ശിക്കപ്പെട്ടു. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നായകനൊപ്പം ഡാന്‍സ് ചെയ്യാന്‍ വേണ്ടിയാണ് നായികമാരുള്ളതെന്നായിരുന്നു ജ്യോതിക പറഞ്ഞത്. ഇത്രയും പറഞ്ഞ ശേഷം സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമയില്‍ ഐറ്റം ഡാന്‍സ് ഉള്‍പ്പെടുത്തിയത് ജ്യോതികയുടെ ഇരട്ടത്താപ്പെന്നും അന്ന് വിമര്‍ശനമുയര്‍ന്നു.

Content Highlight: Jyothika got cyber attack after praising Saiyaara movie

We use cookies to give you the best possible experience. Learn more