ചലച്ചിത്ര പ്രേമികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജ്യോതികയും സൂര്യയും. ഇപ്പോൾ ജ്യോതികയുടെയും സൂര്യയും മകൾ ദിയ സൂര്യയും സിനിമാ മേഖലയിലേക്ക് കടന്നിരിക്കുകയാണ്.
എന്നാൽ അഭിനയത്തിൽ അല്ല, മറിച്ച് സംവിധായികയായിട്ടാണ് ദിയ സൂര്യ എന്ന 17 വയസുകാരിയുടെ വരവ്. ലീഡിങ് ലൈറ്റ് എന്ന ഡോക്യൂ- ഡ്രാമ ഹ്രസ്വചിത്രത്തിലൂടെയാണ് ദിയ അരങ്ങേറ്റം കുറിക്കുന്നത്. സൂര്യയുടെയും ജ്യോതികയുടെയും 2ഡി എന്റർടെയ്‌മെന്റ് ആണ് ചിത്രം നിർമിക്കുന്നത്.
ബോളിവുഡിലെ വനിതാ ഗാഫർമാരുടെ ജീവിതമാണ് ദിയയുടെ ചിത്രത്തിന് ആധാരം. സിനിമാ നിർമാണത്തിൽ ലൈറ്റിങ് ഉപകരണങ്ങളുമായി അണിയറയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലം. പുതുമയുള്ള കാഴ്ചപ്പാടുകൊണ്ട് പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയിരിക്കുകയാണ് ചിത്രം.
ഓസ്‌കാർ യോഗ്യത റൗണ്ടിനായുള്ള ചിത്രത്തിന്റെ പ്രദർശനം ഇപ്പോൾ കാലിഫോർണിയയിലെ റീജൻസി തിയേറ്ററിൽ പ്രദർശിപ്പിച്ച് വരികയാണ്. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ രണ്ട് വരെയാണ് ചിത്രത്തിന്റെ പ്രദർശനമുള്ളത്.
ജ്യോതികയും സൂര്യയും ദിയയ്ക്ക് പിന്തുണ അറിയിച്ചു. 2ഡി എന്റർടെയ്‌മെന്റിന്റെ ബാനറിൽ ബോളിവുഡിലെ വനിതാ ഗാഫർമാരുടെ അനുഭവങ്ങൾ ചർച്ച ചെയ്യുന്ന ദിയ സൂര്യ സംവിധാനം ചെയ്ത ലിഡിങ് ലൈറ്റ് എന്ന ഡോക്യൂ ഡ്രാമയെ പിന്തുണക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും 2ഡി എന്റർടെയ്‌മെന്റ് എക്‌സിൽ പോസ്റ്റ് ചെയ്തു.
അമേരിക്കയിലെ സതേൺ കാലിഫോർണിയ സർവകലാ ശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷമാണ് സിനിമയിലേക്കുള്ള ദിയയുടെ അരങ്ങേറ്റം.
കഴിഞ്ഞ മെയ് മാസം ദിയയുടെ പോസ്റ്റ് ജ്യോതികയും സൂര്യയും പങ്കുവെച്ചിരുന്നു.
‘ഇപ്പോൾ ഞങ്ങൾക്ക് തോന്നുന്നത് അഭിമാനം മാത്രം. നിന്റെ തെരഞ്ഞെടുപ്പുകൾ നിന്റെ പ്രതീക്ഷകളെ പ്രതിഫലിപ്പിക്കട്ടേ. എല്ലാ ആശംസകളും, ദിയ. ഞങ്ങളുടെ അനുഗ്രഹങ്ങൾ എപ്പോഴും കൂടെയുണ്ടാകും,’ എന്നായിരുന്നു അതിന് അവർ പങ്കുവെച്ച അടിക്കുറിപ്പ്.
Content Highlight: Jyothika and Surya’s daughter Diya to direction