ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരങ്ങളായ അസ്ഹറുദ്ദീനും കപില്‍ ദേവിനൊപ്പം ക്രിക്കറ്റ് പരിശീലനത്തിനിറങ്ങി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും. ദല്‍ഹി മോഡേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ട്രൂഡോയും കുടുംബവും ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍മാര്‍ക്കൊപ്പം അല്‍പ്പസമയം ചെലവഴിച്ചത്.
ജസ്റ്റിന്‍ ട്രൂഡോ ക്രിക്കറ്റ് ബാറ്റ് കൈയിലെടുത്ത് അമ്മാനാമാടി നീങ്ങുന്ന വീഡിയോ ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐ പുറത്ത് വിട്ടു. ഒപ്പം ട്രൂഡോയുടെ മകന് ബാറ്റ് ചെയ്യുന്ന വീഡിയോയും ഉണ്ട്.
അസഹ്‌റുദ്ദീന്‍ ട്രൂഡോയുടെ മകന് ബാറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുന്നതും കപില്‍ദേവ് പന്തെറിഞ്ഞ് കൊടുക്കുന്നതും വീഡിയോയിലുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് ട്രൂഡോയും കുടുംബവും ഇന്ത്യയിലെത്തിയത്. ഇന്ന് രാവിലെ ദല്‍ഹിയിലെ ജുമാ മസ്ജിദ് സന്ദര്‍ശിച്ച ശേഷമാണ് ട്രൂഡോ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയത്.