വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സ് നേടി.
ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവ്‌സിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 108 പന്ത് നേരിട്ട് 12 ഫോറിന്റെ അകമ്പടിയോടെ 101 റണ്‍സാണ് ഗ്രീവ്‌സ് സ്വന്തമാക്കിയത്.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനും കരീബിയന്‍ സൂപ്പര്‍ താരത്തിനായി. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടുന്ന വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍മാരുടെ പട്ടികയിലാണ് ഗ്രീവ്‌സ് ഇടം പിടിച്ചത്.
(താരം – റണ്‍സ് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
ഗോര്‍ഡന്‍ ഗ്രീനിഡ്ജ് – 115 – ജംഷേഡ്പൂര്‍ – 1983
ഫില്‍ സിമ്മണ്‍സ് – 104* – തിരുവനന്തപുരം – 1988
ക്രിസ് ഗെയ്ല്‍ – 103 – നാഗ്പൂര്‍ – 2002
ക്രിസ് ഗെയ്ല്‍ – 140 – അഹമ്മദാബാദ് – 2002
ക്രിസ് ഗെയ്ല്‍ – 101 – വോഡദര – 2002
ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ – 149* – നാഗ്പൂര്‍ – 2007
ഷായ് ഹോപ്പ് – 102* – ചെന്നൈ – 2019
ജസ്റ്റിന്‍ ഗ്രീവ്‌സ് – 101 – തിരുവനന്തപുരം – 2026*
സെഞ്ച്വറിക്ക് പുറമെ ആദ്യ വിക്കറ്റില്‍ ജോണ്‍ കാംബെല്ലിനെ ഒപ്പം കൂട്ടി സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താനും ഗ്രീവ്‌സിന് സാധിച്ചിരുന്നു. 135 റണ്‍സാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. 60 പന്തില്‍ 62 റണ്‍സായിരുന്നു കാംബെല്ലിന്റെ സമ്പാദ്യം.
അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ ആമിര്‍ ജാംഗുവും അര്‍ധ സെഞ്ച്വറിയുമായി മികച്ച പ്രകടനം നടത്തി. 43 പന്ത് നേരിട്ട് പുറത്താകാതെ 58 റണ്‍സാണ് താരം സ്വന്തമാക്കിയത്.
മൂവരുടെയും കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സ് നേടി.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവാണ് ബൗളിങ്ങില്‍ തിളങ്ങിയത്. പത്ത് ഓവറില്‍ വെറും 40 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നിതീഷ് കുമര്‍ റെഡ്ഡി ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 107 എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്. 52 പന്തില്‍ 55 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 15 പന്തില്‍ 19 റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. 35 പന്തില്‍ 32 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.
Content Highlight: Justin Greaves has earned a spot on the list of West Indies openers who have scored an ODI century against India.