| Monday, 5th October 2026, 11:41 am

'ജസ്റ്റിന്‍ ചേട്ടാ, നിങ്ങക്ക് ഈ ഹാര്‍ട്ട് ബ്രേക്കൊന്നും താങ്ങാനുള്ള കപ്പാസിറ്റിയില്ല; പൊളിയാണ് ബെത്‌ലഹേമിലെ ഈ ചേട്ടനും അനുജനും

ആര്യ.പി

കറുകുറ്റിയിലെ എല്ലാവരുടെയും പ്രിയപ്പെട്ടവനാണ് ജസ്റ്റിന്‍. എപ്പോഴും ചിരിയും തമാശയുമായി നടക്കുന്ന, നാട്ടിലെ ഏത് കാര്യത്തിനും ഓടിയെത്തുന്ന, വീട്ടുകാര്‍ക്കും ഇടവകക്കാര്‍ക്കും ഒരുപോലെ വേണ്ടപ്പെട്ട ഒരാള്‍. പുറമേ നോക്കിയാല്‍ ജസ്റ്റിന്റെ ജീവിതത്തില്‍ വലിയ പ്രശ്നങ്ങളൊന്നുമില്ല. പക്ഷേ, ആ ചിരിക്ക് പിന്നില്‍ വര്‍ഷങ്ങളായി ഒളിപ്പിച്ചുവെച്ച ഒരു വലിയ വേദനയുണ്ട്. അത് കൃത്യമായി തിരിച്ചറിയുന്ന ഒരാളുണ്ട് ജസ്റ്റിന്റെ അനിയന്‍ ജോയല്‍.

‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ല്‍ ജസ്റ്റിന്റെയും ജോയലിന്റെയും ബന്ധം വെറുമൊരു സഹോദരബന്ധമല്ല. എല്ലാവരില്‍ നിന്നും തന്റെ വേദന മറച്ചുവെക്കുന്ന ജസ്റ്റിന്‍, ജോയലിന് മുന്നില്‍ മാത്രമാണ് തന്റെ യഥാര്‍ത്ഥ മുഖം കാണിക്കുന്നത്. ലോകത്തിന് മുന്നില്‍ എത്ര ‘സ്ട്രോങ്’ ആയി നിന്നാലും ചേട്ടന്റെ ഉള്ളിലെ മുറിവുകള്‍ എത്ര ആഴമുള്ളതാണെന്ന് ജോയലിന് അറിയാം.

ജീനയുടെ മരണം ജസ്റ്റിന്റെ ജീവിതത്തിലുണ്ടാക്കിയ ആഘാതമാണ് അതിന് കാരണം. ആത്മാര്‍ത്ഥമായി പ്രണയിച്ച ഒരാളെ നഷ്ടപ്പെട്ടതിന്റെ വേദന അയാളില്‍ മായാതെ കിടക്കുന്നു. വീണ്ടും ഒരു ഹൃദയവേദന കൂടി താങ്ങാന്‍ തനിക്ക് കഴിയില്ലെന്ന ഭയം ജസ്റ്റിന്റെ ഉള്ളിലുണ്ട്.

‘ജസ്റ്റിന്‍ ചേട്ടാ, നിങ്ങക്ക് ഈ ഹാര്‍ട്ട് ബ്രേക്കൊന്നും താങ്ങാനുള്ള കപ്പാസിറ്റിയൊന്നുമില്ല. ജീന ചേച്ചിയുടെ കേസില്‍ ഞാന്‍ കണ്ടിട്ടുള്ളതാ…’
എന്ന ജോയലിന്റെ വാക്കുകളിലാണ് അവരുടെ ബന്ധത്തിന്റെ ആഴം പ്രേക്ഷകരും തിരിച്ചറിയുന്നത്.

ചേട്ടന് എന്താണ് സംഭവിച്ചതെന്ന് പൂര്‍ണമായി അറിയുന്ന ഒരാളാണ് ജോയല്‍. ജസ്റ്റിന്‍ ചിരിക്കുമ്പോഴും അയാളുടെ ഉള്ളിലെ സങ്കടം കാണാന്‍ കഴിയുന്ന ഒരാള്‍.

ജീനയുടെ ഓര്‍മദിവസത്തില്‍ ഇന്നും കല്ലറയിലെത്തുന്നതും പഴയകാല പാട്ടുകള്‍ തിരഞ്ഞുപിടിച്ച് കേള്‍ക്കുന്നതുമെല്ലാം ജസ്റ്റിന്റെ ഭൂതകാലം അയാളെ എത്രത്തോളം പിന്തുടരുന്നുണ്ടെന്ന് കാണിക്കുന്ന കാര്യങ്ങളാണ്. പക്ഷേ, ഈ വേദനകളൊന്നും അയാള്‍ നാട്ടുകാരോടോ വീട്ടുകാരോടോ തുറന്നുപറയുന്നില്ല. ജോയലിന് മുന്നില്‍ മാത്രമാണ് ആ നിയന്ത്രണങ്ങളെല്ലാം പതുക്കെ അഴിയുന്നത്.

അതിനിടയിലാണ് ആഷ്‌ലി ജസ്റ്റിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഏറെക്കാലത്തിന് ശേഷം ഒരാളോട് വീണ്ടും ആകര്‍ഷണം തോന്നുമ്പോഴും സന്തോഷത്തേക്കാള്‍ ആദ്യം എത്തുന്നത് പേടിയാണ്. തന്നേക്കാള്‍ പ്രായം കുറഞ്ഞ ആഷ്‌ലിയോടുള്ള ഇഷ്ടം നാട്ടുകാര്‍ എങ്ങനെ കാണും എന്നതിലുപരി, വീണ്ടും ഒരു നഷ്ടം സംഭവിച്ചാല്‍ തനിക്ക് അത് താങ്ങാനാകുമോ എന്നതാണ് ജസ്റ്റിനെ അലട്ടുന്നത്. ഈ അവസ്ഥയിലും ജസ്റ്റിനെ മനസിലാക്കുന്ന ഒരാള്‍ ജോയല്‍ തന്നെയാണ്.

ചേട്ടന് പ്രണയിക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കുന്ന ആളല്ല ജോയല്‍. പകരം, ജസ്റ്റിന്‍ വീണ്ടും തകര്‍ന്നുപോകാതിരിക്കണമെന്നാണ് അവന്റെ കരുതല്‍. ചേട്ടന്റെ പഴയ മുറിവുകള്‍ അറിയുന്ന ഒരാളെന്ന നിലയില്‍ ജസ്റ്റിന്റെ സന്തോഷത്തിനും വേദനയ്ക്കുമൊപ്പം നില്‍ക്കുകയാണ് അവന്‍.

സിനിമയുടെ ക്ലൈമാക്‌സിലും ആഷ്‌ലി തന്റെ മനസ് തുറക്കുമ്പോള്‍ ആഷ്‌ലിയോട് ആ പഴയ ഇഷ്ടമുണ്ടെന്ന് തുറന്നുപറയാന്‍ ജസ്റ്റിനെ നിര്‍ബന്ധിക്കുന്നത് ജോയലാണ്. ചേട്ടന്റെ സമ്മതമില്ലാതെ തന്നെ ‘ജസ്റ്റിന്‍ ചേട്ടന്‍ ഓക്കെ’യാണെന്ന് ആഷ്‌ലിയോട് പറയാന്‍ ധൈര്യം കാണിക്കുന്നതും ജോയല്‍ തന്നെ. അതുകൊണ്ട് കൂടിയാണ് ജസ്റ്റിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ‘പ്ലസ് പോയിന്റ്’ ആയി ജോയല്‍ മാറുന്നത്.

സമൂഹം പുരുഷന്മാരോട് എപ്പോഴും ശക്തരായിരിക്കാനും കണ്ണീര്‍ മറച്ചുവെക്കാനും ആവശ്യപ്പെടുമ്പോള്‍, ‘കരയാം ചേട്ടാ, ഞാനുണ്ട്’ എന്ന് പറയാതെ തന്നെ ആ കരുതല്‍ നല്‍കുന്ന ഒരാളാണ് ജോയല്‍. ജസ്റ്റിന്‍ വീണുപോകാതിരിക്കാന്‍ പിടിച്ചുനിര്‍ത്തുന്ന ഒരു സഹോദരന്‍.

കിടക്കാന്‍ മുറിയില്ലാത്തപ്പോള്‍ അനുജന്റെ മുറിയിലെത്തി അവനെ തൂക്കിയെടുത്ത് ടേബിളില്‍ കൊണ്ടുകിടത്തുന്നതുമുതല്‍, ജോയലിന്റെ ഷോട്ട് ഫിലിമിന് വേണ്ടി പണംമുടക്കുകയും അതിലൊരു രംഗത്തില്‍ അഭിനയിക്കുകയും ഒരു പിടിയുമില്ലെങ്കിലും അവന്റെ ഷോട്ട് ഫിലിം എഡിറ്റ് ചെയ്ത് കുളമാക്കുന്നതുമായ രംഗങ്ങള്‍ ബെത്‌ലഹേമിലുണ്ട്.

ഒടുവില്‍ ആഷ്ലിയുമായുള്ള പ്രണയം വീട്ടിലറിയുമ്പോള്‍ വെറുമൊരു ഷോയ്ക്ക് വേണ്ടി അതിനെ എതിര്‍ക്കുന്ന ജോയലിനെ ഓടിച്ചിട്ട് തല്ലുന്നുണ്ട് ജസ്റ്റിന്‍. ഈ രംഗങ്ങളെല്ലാം ഒരു സാധാരണ കുടുംബത്തിലെ ചേട്ടന്‍-അനുജന്‍ ബന്ധത്തിന്റെ നേര്‍ക്കാഴ്ചകളായി തന്നെയാണ് പ്രേക്ഷകന് അനുഭവപ്പെടുന്നത്.

ഷോട്ട് ഫിലിം ഷൂട്ടിനിടെ ദേഷ്യത്തില്‍ ജോയല്‍ മൈക്ക് വലിച്ചെിഞ്ഞ പൊട്ടിച്ചതിന്റെ കൂടി മറുപടിയായി ആ തല്ല് മാറുമ്പോള്‍ പ്രേക്ഷകന് അസ്വാഭാവികത തോന്നുന്നില്ല. സ്നേഹവും അധികാരവും കളിയാക്കലും വഴക്കും പിണക്കവുമെല്ലാം ഒരേ സ്വാഭാവികതയില്‍ കലര്‍ന്ന ഈ ബന്ധത്തെ ഗിരീഷ് എ.ഡി അവതരിപ്പിച്ചിരിക്കുന്ന രീതിയാണ് ജസ്റ്റിനും ജോയലും തമ്മിലുള്ള രംഗങ്ങളെ ഇത്രയേറെ രസകരവും റിയലുമായി പ്രേക്ഷകന് അനുഭവപ്പെടുന്നത്.

Content Highlight: Justin and Joel, This brother duo in Bethlehem is simply brilliant

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more